ബാഗ്ദാദ്: ഇറാഖ് ഫുട്ബോള്‍ ഇതിഹാസം അഹമ്മദ് റാദി (56) കൊവിഡ് ബാധിച്ച് മരിച്ചു. 1986 ഫിഫ ലോകകപ്പില്‍ ഇറാഖിന്റെ ഏക ഗോള്‍ നേടിയത് റാദിയായിരുന്നു. ബെല്‍ജിയത്തിനെതിരെ ആയിരുന്നു ആ ഗോള്‍. 1984 ലും 1988 ലും ഇറാഖിനെ ഗള്‍ഫ് കപ്പ് ജേതാക്കളാക്കിയ നായകനാണ് റാദി. ഏഷ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരവും റാദിയെ തേടിയെത്തി. 121 മത്സരങ്ങളില്‍ ഇറാഖിന്റെ ജേഴ്സിയണിഞ്ഞ റാദി 62 ഗോളുകള്‍ നേടി.
ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ബഗ്ദാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഹമ്മദ് റാദിക്ക് കൊവിഡാണെന്ന് തിരിച്ചറിയുകയായിരുന്നു. ആരോഗ്യനില ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ച് ചെയ്തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിതി മോശമായി. ജോര്‍ദാനില്‍ വിദഗ്ധ ചികിത്സക്കായി പോകാനിരിക്കെ മരണം സംഭവിച്ചു.
2006ല്‍ റാദി ജോര്‍ദാനിലേക്ക് കുടിയേറിയിരുന്നു. 2007 ല്‍ രാഷ്ടീയപ്രവേശനം ലക്ഷ്യമിട്ട് ഇറാഖിലേക്ക് തിരിച്ചെത്തി. 2014,2018 വര്‍ഷങ്ങളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.