രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍; പൊതുജനപങ്കാളിത്തം അനുവദിക്കേണ്ടതില്ലെന്നും നിര്‍ദേശം
ന്യൂദല്‍ഹി: പൊതുജനപങ്കാളിത്തമില്ലാതെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര അനുവദിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഒഡീഷ സര്‍ക്കാരും സമാന ആവശ്യമാണ് ഉന്നയിച്ചത്.
രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്നും എന്നാല്‍ ഇതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം അനുവദിക്കേണ്ടതില്ലെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
അതേസമയം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
ജഗന്നാഥ ക്ഷേത്രത്തിലെ പുരോഹിതനായ ജനാര്‍ദ്ദന്‍ പട്ടജോഷി മോഹപത്രയടക്കം നിരവധി പേരാണ് ജൂണ്‍ 18 ലെ ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ബി.ജെ.പി നേതാവ് സംപിത് പത്രയും ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
പൊതുജന പങ്കാളിത്തമില്ലാതെ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടത്താനിരുന്ന വാര്‍ഷിക പരിപാടിയും അനുബന്ധ ആഘോഷങ്ങളും കഴിഞ്ഞ വ്യാഴാഴ്ച കോടതി സ്റ്റേ ചെയ്തിരുന്നു.
കൊവിഡ് 19 രാജ്യമെമ്പാടും അതിവേഗം പടരുന്ന സമയത്ത് രഥയാത്ര അനുവദിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.
10 മുതല്‍ 12 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് രഥയാത്രയുടെ ഭാഗമായി സാധാരണ ഉണ്ടാകാറ്. വളരെ അടുത്ത് നിന്നാണ് ആളുകള്‍ രഥങ്ങള്‍ വലിക്കാറ്. കൊവിഡ് പശ്ചാത്തലത്തില്‍ സമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് തന്നെ ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു.