തൃക്കരിപ്പൂര്‍: മുസ്ലീം ലീഗ് നേതാക്കളായ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, വഖഫ് ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് കൂടുതല്‍ തെളിവെടുപ്പ് ആരംഭിച്ചു. കോടികള്‍ വിലമതിക്കുന്ന തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ അനാഥ അഗതി മന്ദിരത്തിന്റെ കീഴിലുള്ള 2.3 ഏക്കര്‍ ഭൂമിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കെട്ടിടവുമാണ് തുച്ഛമായ വിലക്ക് എം എല്‍ എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഭാരവാഹികളായ ട്രസ്റ്റ് കൈക്കലാക്കിയത്. സംഭവം വിവാദമാകുകയും ഇതു സംബന്ധിച്ച പരാതിയെയും തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ ഇത് വഖഫ് ഭൂമിയാണെന്ന് തെളിഞ്ഞിരുന്നു. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് ഭൂമി വില്‍പ്പന നടത്തിയതെന്ന് കണ്ട സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിനു വഖഫ് ബോര്‍ഡ് തീരുമാനിച്ചത്.
വഖഫ് സ്വത്ത് വില്‍പ്പന നടത്തിയ പരാതിയില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡ്വ. ബി എം ജമാല്‍ കാസര്‍കോടിന്റെ ചുമതലയുള്ള യു ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥന് അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ഇന്നലെ വിവാദ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. എന്നാല്‍ ഇവര്‍ക്ക് ജാമിഅ സഅദിയ ഇസ്ലാമിയ ഭാരവാഹികളെ കാണാന്‍ കഴിഞ്ഞില്ല. ആരും സ്ഥലത്തില്ലെന്ന അറിയിപ്പാണ് ഇവര്‍ക്ക് കിട്ടിയത്. നിയമവിരുദ്ധമായാണ് രജിസ്ട്രേഷന് നടപടികള്‍ ചെയ്തതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സ്വത്ത് വില്‍പ്പനയും കൈവശപ്പെടുത്തലും സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് വഖഫ് ബോര്‍ഡ് നേരത്തെ വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 15നകം നല്കിയ നോട്ടീസില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം.
എം എല്‍ എ ഉള്‍പ്പെടെ ട്രസ്റ്റ് ഭാരവാഹികള്‍ക്കും ജാമിഅ സഅദിയ ഇസ്ലാമിയ കമ്മറ്റിക്കും, സ്വത്ത് രജിസ്ട്രേഷന് ചെയ്ത തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്കുമാണ് വഖഫ് ബോര്‍ഡ് നോട്ടീസയച്ചത്. അതിനിടയില്‍ ഈ വിവാദ ഭൂമി തിരിച്ചു നല്കാന് എം എല്‍ എ ചെയര്‍മാനായ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. സമസ്ത കേന്ദ്രകമ്മറ്റി കഴിഞ്ഞ ദിവസം കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇടപാടില്‍ നിന്ന് പിന്മാറുന്നതായും രേഖ തിരിച്ച് എഴുതി നല്‍കാമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സമസ്ത കേന്ദ്ര കമ്മറ്റി ഇതുവരെ പരസ്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമസ്തക്ക് ലഭിച്ച പരാതിയിലാണ് പരാതിക്കാരായ എസ് കെ എസ് എസ് എഫ് ഭാരവാഹികളെയും ഭൂമി കൈമാറുകയും കൈവശപ്പെടുത്തുകയും ചെയ്ത ജാമിഅ സഅദിയ ഇസ്ലാമിയ, തൃക്കരിപ്പൂര്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവരെ വിളിച്ചു ചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്തത്. ഈ യോഗത്തിന്റെ തീരുമാനം സമസ്ത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം രണ്ടാഴ്ച്ചക്കകം പറയുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുവരെ ഇതു സംബന്ധിച്ച് ഇരു വിഭാഗവും പരസ്യവാദം പാടില്ലെന്ന നിര്‍ദ്ദേശവും സമസ്ത നല്‍കിയിട്ടുണ്ട്.