ന്യൂദല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. തെറ്റായ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ല. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്മോഹന് സിംഗിന്റെ മുന്നറിയിപ്പ്.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാത്പര്യം മുന്നില്‍ വേണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങരുത്. പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച കേണല്‍ ബി. സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പല രീതിയില്‍ സംസാരിക്കുന്നത് രാജതാത്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിംഗ് മുന്നറിയിപ്പ് നല്കി.
ഇന്ത്യയുടെ പ്രദേശത്ത് പുറത്തു നിന്നാരും കടന്നു കയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവും ഇറക്കിയിരുന്നു. പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിര്‍മ്മാണങ്ങള്‍ നടത്തുകയും അതില്‍ നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതു കൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം ഉണ്ടായതെന്ന് പി.എം.ഒ. വ്യക്തമാക്കി.