ഭീതി ഇരട്ടിപ്പിച്ച് സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19, കാസർകോട് -06
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി (Djibouti)-1) 43 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, മലപ്പുറം ജില്ലയില്‍ 30 പേരുടെയും (ഒരു തൃശൂര്‍ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 5 പേരുടെയും (ഒരു കണ്ണൂര്‍ സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയില്‍ 3 പേരുടെയും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2 പേരുടെയും പാലക്കാട് ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേര് ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,919 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2050 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5239 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,37,475 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3460 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 38,146 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 36,751 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,83,201 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്പറേഷന്, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 109 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
മെയ് 23 ന് ടാക്സി കാറില്‍ എത്തിയ ഏഴ് വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശിക്കും, ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 52 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശനിക്കും ഇവരുടെ 30 വയസുള്ള മകള്‍ക്കും
വിദേശത്ത് നിന്ന് വന്നവര്‍
ജൂണ്‍ 13 ന് ദുബായില്‍ നിന്നെത്തിയ 38 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 44 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
രണ്ട് പേര്‍ക്ക് രോഗമുക്തി
ഉദയഗിരി സി എഫ് എല്‍ ടി സിയിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവാരായിരുന്നു
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4729 പേര്
വീടുകളില്‍ 4391 പേരും സ്ഥാപന നിരീക്ഷണത്തില്‍ 338 പേരുമടക്കം ജില്ലയില്‍ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 151 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 359 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 570 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 154 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.