പിണറായിക്ക് കോടികളുടെ സ്പ്രിൻക്ലർ കച്ചവടം പൂട്ടിച്ചതിന്റെ അമര്‍ഷം; മുഖ്യമന്ത്രിക്ക് സൈബര്‍ ഗുണ്ടയുടെ നിലവാരം:മകളുടെ വിവാഹത്തിൽ കൊലക്കേസ് പ്രതി എത്തിയതെന്തിന് , മുല്ലപ്പള്ളിക്ക് കവചം തീർത്ത് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാമാരിയെ നേരിടുന്നതില്‍ പ്രതിപക്ഷം ചുമതല നിറവേറ്റിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ ഒറ്റയ്ക്കു ക്രെഡിറ്റ് കയ്യടക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
യോജിപ്പിനുള്ള അന്തരീക്ഷം നഷ്ടപ്പെടുത്തിയത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും സര്‍ക്കാരും രാഷ്ട്രീയം കളിച്ചു. ഏതു പ്രവര്‍ത്തനത്തിനാണ് പ്രതിപക്ഷം തുരങ്കം വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്നും ചെന്നിത്തല തുറന്നടിച്ചു. സ്പ്രിൻക്ലർ കേസ് തീര്‍ന്നിട്ടില്ല, ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ അദ്ദേഹം വെല്ലുവിളിച്ചു. കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമര്‍ഷമാണ്. മുഖ്യമന്ത്രിയുടെ അമര്‍ഷം സ്വാഭാവികമാണ്. അത് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് പ്രതിരോധത്തെ തളര്‍ത്തിയത് സര്‍ക്കാരിന്റെ പാളിച്ചകളാണ്. പ്രവാസികള്‍ വിദേശത്തുകിടന്ന് മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. മുല്ലപ്പള്ളിയേക്കാള്‍ മോശം പ്രയോഗങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളിയെ ജനങ്ങള്‍ക്കറിയാം, ഒറ്റതിരിഞ്ഞ് ആക്ഷേപിക്കാന്‍ അനുവദിക്കില്ല.
യുഡിഎഫ് സമരം ഫോട്ടോയില്‍ വരാനുള്ള ശ്രമമെന്ന പരാമര്‍ശത്തിനെതിരെയും ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയില്‍ കൊലക്കേസ് പ്രതി ഇടംപിടിച്ചതോര്ക്കണം. കേരളം മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കുന്നു. ടിപി വധക്കേസ് പ്രതിയുടെ സംസ്കാരത്തില്‍ രണ്ടായിരം പേര് പങ്കെടുത്തിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.