മുസ്ലീം ലീഗ് എംഎൽഎ ഉൾപ്പെട്ട വഖഫ് ഭൂമി തട്ടിപ്പ് .
കൈക്കലാക്കിയ ഭൂമി തിരിച്ചുനൽകിയാൽ പ്രശ്നം തീരില്ല ,ശക്തമായ നടപടി വേണം: സി.പി.എം.ജില്ലാ സെക്രെട്ടറി എം.വി.ബാലകൃഷണൻ
കാസർകോട് :മുസ്ലീം ലീഗ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമിയും സ്കൂൾ കെട്ടിടവും എംഎൽഎ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ തട്ടിയെടുത്തെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലീഗ് നേതാക്കളായ എം സി ഖമറുദീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ബാവ എന്നിവർ ഉൾപ്പെടുന്ന കോളേജ് ട്രസ്റ്റിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇവർ ജനപ്രതിനിധികളൊണെന്നത് ഗൗരവകരമാണ്. അനാഥ അഗതി മന്ദിരത്തിന്റെ പേരിൽ മണിയനൊടിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ഉൾപ്പെടുന്ന മൂന്ന് ഏക്കറിലേറെ ഭൂമിയും കെട്ടിടവുമാണ് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ആറ് കോടി വിലമതിക്കുന്ന സ്വത്താണ് ചുളുവിലക്ക് സ്വന്തമാക്കിയതെന്ന് മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24ന് രജിസ്റ്റർ ചെയ്ത ഭൂമി വിവാദമായതോടെയാണ് നേതാക്കൾ കുറ്റസമ്മതവുമായി രംഗത്ത് വന്നത്.ഇത് ന്യായീകരിക്കാനാവുന്നതല്ല. കൃത്രിമം കാട്ടി കൈക്കലാക്കിയ വഖഫ് ഭൂമി വിവാദമായപ്പോൾ തിരിച്ച് നൽകിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ബോധപൂർവമാണ് ഇൗ പ്രദേശശത്തുള്ള പ്രമുഖ നേതാക്കൾ ഭൂമി തട്ടിയടുത്തതെന്ന് ആർക്കും നിഷേധിക്കാനാകില്ല. രഹസ്യമാക്കിയിരുന്ന ഭൂമി കച്ചവടം മാധ്യമങ്ങളാണ് വെളിച്ചത്ത് കൊണ്ടുവന്നത്. വഫഖ് ഭൂമി സ്വകാര്യമായി രജിസ്റ്റർ ചെയ്ത് കൊടുക്കുന്നത് നീതികേടാണ്. വഖഫ് ബോർഡും സർക്കാരും ഇക്കാര്യത്തിൽ ഇടപെടണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.