കേരളം പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് .
യൂത്ത് ലീഗിന്റെ എതിർപ്പ് വകവെക്കില്ല വെൽഫെയര്‍ പാര്‍ട്ടി ബന്ധം പരിഗണനയിലുണ്ടെന്ന് മുസ്ലീം ലീഗ്,കരുതലോടെ കോൺഗ്രസ്സ്
കോഴിക്കോട് : കടുത്ത എതിര്‍പ്പുകൾക്ക് പിന്നാലെ വെൽഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത പരസ്യമാക്കി മുസ്ലീം ലീഗ്. വെൽഫയർ പാർട്ടിയുമായുള്ള ബന്ധം പരിഗണനയിലാണെന്നും സഖ്യത്തിലേക്ക് നീങ്ങുകയാണെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.പുതിയ സഖ്യ നീക്കം യൂത്ത് ലീഗ് പരസ്യമായി തള്ളിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നേതൃത്വത്തിന്റെ വിശദീകരണം .
നേരത്തെ പികെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയ സഖ്യനീക്കം ശരിവെക്കുന്നതാണ് കെപിഎ മജീദിന്റെ പ്രസ്താവന.ഇതിനായി പാർട്ടി രഹസ്യസർക്കുലർ പുറപ്പെടുവിചിരുന്നു. . പാർട്ടിക്കകത്തും പോഷകസംഘടനകളിലും എതിർപ്പ് നിലനിൽക്കെയാണ് തീവ്ര മുസ്ലിം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായി അടുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് നീക്കം. പ്രാദേശികമായി നീക്കുപോക്കും ജനകീയ മുന്നണി രൂപീകരണവുമാണ് ആദ്യഘട്ടത്തിലെ ആലോചന.
വെൽഫെയർ പാർട്ടിക്ക് പിന്നാലെ എസ.ഡി.പി.ഐയുമായും മുസ്ലിം ലീഗ് സഖ്യത്തിലാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.കോവിഡ് കാലത്ത് എൽ.ഡി.എഫ്.സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഭാഗങ്ങളാണ് വെൽഫെയർ പാർട്ടിയും മുസ്ലിം ലീഗിന്റെ കെ.എം.സി.സിയും.പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം ഏറ്റെടുത്തു മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ ഈ വിഭാഗങ്ങൾ മത്സരത്തിലായിരുന്നു.മുസ്ലിം ലീഗിന്റെ പുതിയ നീക്കം കോൺഗ്രസ്സ് വീക്ഷിച്ചു വരികയാണ്.മുസ്ലിം ലീഗിന്റെ ഈ പുതിയ നീക്കം യു .ഡി.എഫിൽ മുസ്ലിം ധ്രുവീകരണം സൃഷ്ഠിക്കാനാണെന്ന് വിലയിരുത്തുന്നവർ കോൺഗ്രസ്സിലുണ്ട്.ഇത് മതേതര ശക്തികളുടെ മുന്നേറ്റത്തിന് വിഘാതമാകുമെന്ന് ഭയപ്പെടുന്നവരും കോൺഗ്രസിലുണ്ട്.