ഇരിയ കാട്ടുമാടത്ത് സായി ആശുപത്രി ഭൂമി സംബന്ധിച്ച തര്‍ക്കം അഴിയാക്കുരുക്കാകുന്നു. കാഷ്ലെസ് ആശുപത്രി നിര്‍മ്മാണം തുടങ്ങിയത്
അനുമതിപത്രമില്ലാതെ
കാഞ്ഞങ്ങാട്: ഇരിയ കാട്ടുമാടത്ത് സായി ആശുപത്രി ഭൂമി സംബന്ധിച്ച തർക്കം അഴിയാക്കുരുക്കാകുന്നു. കാഷ്ലെസ് ആശുപത്രി നിർമ്മാണം തുടങ്ങിയത് അനുമതി പത്രം കിട്ടുംമുമ്പെ.പുല്ലൂർ വില്ലേജിൽ ആർ.എസ്. നമ്പർ 490 ൽ പെട്ട അഞ്ച് ഏക്കർ ഭൂമിയാണ് സായി ട്രസ്റ്റിന് ആശുപത്രി നിർമ്മിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ചത്. താലൂക്ക് സർവ്വേയർ അളന്ന് തിട്ടപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ റിക്കാർഡിൽ 492 ൽ പെട്ട സ്ഥലമാണ് എന്നാണ് രേഖപ്പെടുത്തിയത്.ഇതും പുറമ്പോക്ക് ഭൂമിയാണ്. സർക്കാർ മാറി പുതിയ സർക്കാർ വന്നപ്പോൾ 492 ൽ പെട്ട അഞ്ചേക്കർ ഭൂമി ലീസിന് നൽകാനാണ് ആലോചിച്ചതത്രെ. ഇതിനിടയിലാണ് കാഷ്ലെസ് കൗണ്ടർ ആശുപത്രി നിർമ്മാണം മുടങ്ങിയത്. ‘കൈകോർക്കാം സായി ആശുപത്രി കൂട്ടായ്മ’യുടെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് ആശുപത്രി 490 ൽതന്നെ പണിയാൻ ഒരുങ്ങിയപ്പോഴാണ് ജില്ലാ കളക്ടർ ഇടപെട്ട് തടഞ്ഞത്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് സർവ്വേ നമ്പർ മാറാൻ ഇടയാക്കിയതെന്ന് ട്രസ്റ്റ് പറയുന്നു.റവന്യൂ മന്ത്രാലയത്തിൽനിന്ന് ആരോഗ്യമന്ത്രാലയത്തിലേക്കും അവിടെ നിന്ന് ധനമന്ത്രാലയത്തിലേക്കും ഫയൽ പോകേണ്ടതുണ്ട്. വീണ്ടും റവന്യൂ മന്ത്രി മുമ്പാകെയെത്തുന്ന ഫയൽ പിന്നീട് മന്ത്രിസഭ പരിഗണിക്കണം. എന്നാൽ മാത്രമെ ഭൂമി ലീസിന് നൽകാൻ പറ്റൂ.