‘മണിപ്പൂരില്‍ ബി.ജെ.പിയുടെ ജയം അട്ടിമറി’; സ്പീക്കര്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു, ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
ഇംഫാല്‍: മണിപ്പൂരില്‍ രാജ്യസഭാ വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ് പറഞ്ഞു.
വെള്ളിയാഴ്ച മണിപ്പൂരില്‍ ഒരു രാജ്യസഭാ സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി ലൈസെംബ സനജ്വോബയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി മന്ഗിബാബുവിനെ പരാജയപ്പെടുത്തിയായിരുന്നു ബി.ജെ.പിയുടെ വിജയം.
അവസാന ഘട്ടത്തില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്ക്കൊടുവിലായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ്. ബി.ജെ.പി സഖ്യ സര്‍ക്കാരില്‍നിന്നും ഒമ്പത് എം.എല്‍.എമാര്‍ രാജി വെച്ച് കോണ്‍ഗ്രസില്‍ ചേരുകയും ചിലര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു.
52 വോട്ടുകളില്‍ 28 എണ്ണമാണ് ബി.ജെ.പിയുടെ ലൈസെംബയ്ക്ക് ലഭിച്ചത്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് രാജ്യസഭാ സീറ്റിലേക്കുള്ള ബി.ജെ.പിയുടെ ജയം.
ബി.ജെ.പി വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയെന്നും സ്പീക്കര്‍ അടക്കമുള്ള രണ്ട് എം.എല്‍.എമാര്‍ തങ്ങളുടെ ബാലറ്റ് പേപ്പര്‍ മറ്റുള്ളവരെ കാണിച്ചിരുന്നെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. 24 വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
‘2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60-ല്‍ 28 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍നിന്നും വിടാതെതന്നെ എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്കി. അവരിലൊരാള്‍ പിന്നീട് മന്ത്രിയുമായി. അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്കി. തുടര്‍ന്ന് മന്ത്രിയാക്കപ്പെട്ടയാളെ സുപ്രീംകോടതി അയോഗ്യനാക്കി. ബാക്കിയുള്ള ഏഴ് പേരുടെ കാര്യത്തില്‍ സ്പീക്കറുടെ ട്രിബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്’, കോണ്‍ഗ്രസ് എം.എല്‍.എ കെ മേഘചന്ദ്ര പറഞ്ഞു.
സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ ഈ ഏഴുപേരോടും നിയമസഭയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ പാലിക്കണമെന്നായിരുന്നു സ്പീക്കറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നതെങ്കിലും സ്പീക്കര്‍ അതിന് മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്ചു. ഏഴില്‍ മൂന്ന് പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതി അദ്ദേഹം നല്കി’, മേഘചന്ദ്ര വ്യക്തമാക്കി. ഇത് കള്ളക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യമായ എസ്.പി.എഫിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സ്വതന്ത്രരുടെയും പിന്തുണയുണ്ട്. എന്നാല്‍, തൃണമൂലിന്റെ എം.എല്‍.എയെ വോട്ട് ചെയ്യുന്നതില്‍നിന്നും തടഞ്ഞിരുന്നു.
‘മണിപ്പൂരില്‍ നാല് വോട്ടുകള്‍ക്കാണ് ബി.ജെ.പി ജയിച്ചത്. സ്പീക്കര്‍ അനുമതി നിഷേധിച്ച കോണ്‍ഗ്രസിന്റെ വോട്ടുകളും നാലാണ്. ഇത് വിജയമാണെന്ന് പറയുന്ന ബി.ജെ.പി പമ്പര വിഡ്ഢികളാണ്’, കോണ്‍ഗ്രസ് എം.പിയും മണിപ്പൂരിന്റെ ചുമതലയുള്ളഎ.ഐ.സി.സി സെക്രട്ടറിയുമായ ഗൗരവ് ഗൊഗോയ് പറഞ്ഞു.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60 അംഗ നിയമസഭയില്‍ 28 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. ബി.ജെ.പി അടങ്ങുന്ന സഖ്യകക്ഷിക്ക് 21 സീറ്റുമായിരുന്നു നേടാനായത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഇതര എം.എല്‍.എമാരുടെ പിന്തുണയോടെ ബി.ജെ.പി അധികാരം പിടിച്ചെടുക്കുകയായിരുന്നു.