സിനിമാക്കാരായാല്‍ എന്തും പറഞ്ഞുകളയാമെന്ന് ചിലര്‍ക്കൊരു വിചാരമുണ്ട്; ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്: ശ്രീനിവാസനെതിരെ വിധു വിന്‍സന്റ്
‘മിനിമം പ്ലസ് 2 പാസ്സ് യോഗ്യതയായിരിക്കുമ്പോഴും BA യും MA യും വരെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ 9262 രൂപാ മാത്രം ശമ്പളം പറ്റുന്ന, ചിലപ്പോള്‍ ഇപ്പോള്‍ ഒടിഞ്ഞു വീണേക്കാം എന്ന് തോന്നിപോകുന്ന കൂരയിലിരുന്നു കൊണ്ട് ചെത്തുതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയുമൊക്കെ മക്കള്‍ക്ക് സാമൂഹ്യ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കയും അതേ സമയം അവര്‍ ഒരു പ്രദേശത്തിന്റെ സാമൂഹികാരോഗ്യത്തിന്റെ നട്ടെല്ലാവുന്നതും എങ്ങനെയെന്ന് ‘ചെറുതായൊന്ന് ‘ വിശദീകരിച്ചുവെന്ന് മാത്രം’ .’ആരെയും അപമാനിക്കാനല്ലാ ഇത്രയും പറഞ്ഞത്. ദാരിദ്ര്യം യാഥാര്‍ത്ഥ്യമായുള്ള ഒരു രാജ്യത്താണ് ശ്രീനിവാസന് സാറും ഞാനുമൊക്കെ ജീവിക്കുന്നത്. G NP യും GDP യുമൊക്കെ വളരെ താഴെ നില്‍ക്കുമ്പോഴും വികസന സൂചികകളില്‍ ചിലതിലെങ്കിലും നമ്മള് ജപ്പാനോടൊക്കെ കിടപിടിച്ചു നില്‍ക്കുന്നത് ഏറ്റവും പ്രാഥമികത്തട്ടിലുള്ള അംഗന്‍വാടി ടീച്ചര്‍മാരടക്കമുള്ളവര്‍ ഒഴുക്കുന്ന വിയര്‍പ്പ് കൊണ്ടാണ്. അതിനെ കാണാതെ പോകരുത്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് ‘; വിധു വിന്‍സന്റ് എഴുതുന്നു
ഫേസ്ബുക്ക് പോസ്റ്റ്
സിനിമാക്കാരായാല്‍ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാര്‍ക്കെങ്കിലും ഒരു വിചാരമുണ്ട്. അംഗനവാടി ടീച്ചര്‍മാരെ കുറിച്ചുള്ള ശ്രീ. ശ്രീനിവാസന്റെ പ്രസ്താവന കേട്ടപ്പഴാ അങ്ങനെ തോന്നിയത്. 1998-99 കാലത്താണ് കേരളത്തിലെ അംഗനവാടികളെ കുറിച്ച് ഒരു പരിപാടി ചെയ്യാന്‍ സി ഡിറ്റ് വഴി സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചുമതലപ്പെടുത്തിയത്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴില്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 15,500 ല്‍ അധികം അംഗനവാടികളെ കുറിച്ചും ആ സംവിധാനത്തെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും കുറിച്ചുമൊക്കെ വിശദമായി പഠിച്ചതും അറിഞ്ഞതും അന്നാണ്. മോണ്ടിസോറി സ്കൂളുകളിലോ ഡെ കെയര്‍ സെന്ററുകളിലോ ഫീസ് കൊടുത്ത് പോകാന്‍ കഴിയാത്ത, അധികവും കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ മക്കള്‍ എത്തുന്ന, അങ്ങനെയുള്ള 20 ,25 കുട്ടികളുള്ള, ചെറിയ ഒരു കെട്ടിടത്തില്‍ കളികളും വര്‍ത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു ‘തുക്കടാ കലാ പരിപാടി ‘ആണിതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ അറിവില്ലായ്മയോ വിവരക്കേടോ കൊണ്ടാണെന്ന് നമ്മള് വിചാരിച്ചേക്കാം. അവര്‍ക്ക് വേണ്ടിയാണീ കുറിപ്പ്.
ഗ്രാമ-നഗര പ്രദേശങ്ങളെ പ്രത്യേകം തരം തിരിച്ച് ,1000 ആളുകള്‍ക്ക് ഒരു അംഗന്‍വാടി എന്ന കണക്കില്‍ 152 lCDട ബ്ലോക്കുകളുടെ കീഴിലാണ് കേരളത്തില്‍ ഓരോ അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നത്. പ്രീ-പ്രൈമറി സ്കൂള്‍ എന്നതിനേക്കാള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മുടെ സോഷ്യല്‍ ഫാബ്രിക്കിലെ അടിസ്ഥാന യൂണിറ്റുകളിലൊന്നായാണ് ഈ സംവിധാനമുള്ളത് . PHC കള്‍ പോലെ, അയല്‍ക്കൂട്ടങ്ങള്‍ പോലെ ഒരു പക്ഷേ ഈ സംവിധാനങ്ങളെയൊക്കെ പരസ്പരം കണക്ട് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന ഒരു പോയിന്റാണ് അംഗന്‍വാടികള്‍. അതുകൊണ്ട് തന്നെ അംഗനവാടി ടീച്ചര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിരവധി പരിശീലനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. മൂന്നാം ലോകരാജ്യമായ ഇന്ത്യയുടെ, പ്രത്യേകിച്ചും കേരളത്തിന്റെ വികേന്ദ്രീകരണമാതൃകയില്‍ ഏറ്റവും അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ആരോഗ്യ സംവിധാനം കൂടിയാണ് അംഗന്‍വാടികള്‍.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ട പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യുക, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം,PHC കളുമായി ചേര്‍ന്ന് മരുന്ന് വിതരണം, വാക്സിനേഷന് പോയിന്റ് എന്നിങ്ങനെ അംഗന്‍വാടികളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ അനവധിയാണ്. ഓരോ അംഗന്‍വാടിയുടെയും പരിധിയില്‍ വരുന്ന വീടുകള്‍ കയറിയിറങ്ങി ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നതും ആരോഗ്യ ബോധല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതും സര്‍ക്കാരിന് വേണ്ട സോഷ്യോ എക്കണോമിക് സര്‍വ്വെകള്‍ വോളണ്ടറിയായി ചെയ്യുന്നതുമടക്കമുള്ള ഇവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒരു പ്രദേശത്തിന്റെ സാമൂഹികാരോഗ്യത്തെ പരിപാലിക്കുന്നതിന് എത്രകണ്ട് വിലപ്പെട്ടതാണെന്നന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല.96-97 കാലത്തെ CDS ന്റെ ഒരു പഠന പ്രകാരം കേരളത്തില്‍ മാത്രം 10.32 ലക്ഷം സ്ത്രീകളും കുട്ടികളുമാണ് ഈ സംവിധാനത്തെ ആശ്രയിച്ച് കഴിയുന്നത്. നമ്മള് അവകാശപ്പെടുന്ന ‘കേരള മാതൃക’ ക്കായി അംഗന്‍വാടി പ്രവര്‍ത്തകര്‍ നല്കുന്ന സംഭാവന എത്രത്തോളമുണ്ടെന്നും താല്പര്യമുള്ളവര്ക്ക് ഒന്നന്വേഷിക്കാവുന്നതാണ്.
ഇനി ശ്രീനിവാസന്‍സാര്‍ പറഞ്ഞ ജപ്പാന്റെ കാര്യം. ജപ്പാനിലെ ഒരു പ്രീ പ്രൈമറി സ്കൂളില്‍ ടീച്ചിംഗ് അസിസ്റ്റന്റായി കുറച്ചു നാള് ജോലി ചെയ്ത ഒരു പരിചയം കൊണ്ട് പറയുകയാണ് … ഇന്ത്യയിലിത് സാമൂഹികാരോഗ്യ സംവിധാനങ്ങളുടെ പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിക്കുമ്പോള്‍ ജപ്പാനില്‍ അത് അങ്ങനെയൊരു സംവിധാനമല്ല. എലമെന്ററി സ്കൂളിംഗിന് മുമ്പ് പ്രീ പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നില്ല, ഉള്ളത് പ്രൈവറ്റ് മേഖലയിലുള്ള പ്രീ പ്രൈമറി സ്കൂളുകളാണ്. ചിലതൊക്കെ സര്‍ക്കാര്‍ സബ്സിഡിയോടെ പ്രവര്‍ത്തിക്കുന്നു. അവിടെ ടീച്ചര്‍മാരുടെ ശമ്പളം രണ്ട് മുതല്‍ രണ്ടര ലക്ഷം യെന്‍ വരെ (ഇന്ത്യന്‍ രൂപാ കണക്കില്‍ 178,000 ലക്ഷം) കിട്ടും .ഒരു പ്രീ-പ്രൈമറി സ്കൂളില്‍ 10മുതല്‍ 15 വരെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉണ്ടാവും.
(നമ്മുടെ അംഗന്‍വാടികളില്‍ ടീച്ചറും ഹെല്‍പ്പറും മാത്രമേയുള്ളൂ എന്നോര്‍ക്കണം ). പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് ഓരോ വിദ്യാര്‍ത്ഥിയുടേയും മാനസികവും ശാരീരികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് സംവിധാനം ചെയ്തിരിക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രീ-പ്രൈമറി തലത്തില്‍ അവിടെ മുന്‍തൂക്കം. വെറും 170 US dollar മാത്രം G NP യുള്ള കേരളവും 35490 USD GNP യുള്ള ജപ്പാനും ( 95 -ലെവേള്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് )അവരവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകകള്‍ ഒരുതരത്തിലും താരതമ്യവിധേയമാക്കാന് പറ്റുന്നതല്ല .
പറഞ്ഞു വന്നത് ഇതാണ്, മിനിമം പ്ലസ് 2 പാസ്സ് യോഗ്യതയായിരിക്കുമ്പോഴും BA യുംMA യും വരെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ 9262 രൂപാ മാത്രം ശമ്പളം പറ്റുന്ന, ചിലപ്പോള്‍ ഇപ്പോള്‍ ഒടിഞ്ഞു വീണേക്കാം എന്ന് തോന്നിപോകുന്ന കൂരയിലിരുന്നു കൊണ്ട് ചെത്തുതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയുമൊക്കെ മക്കള്‍ക്ക് സാമൂഹ്യ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കയും അതേ സമയം അവര്‍ ഒരു പ്രദേശത്തിന്റെ സാമൂഹികാരോഗ്യത്തിന്റെ നട്ടെല്ലാവുന്നതും എങ്ങനെയെന്ന് ‘ചെറുതായൊന്ന് ‘ വിശദീകരിച്ചുവെന്ന് മാത്രം’ ആരെയും അപമാനിക്കാനല്ലാ ഇത്രയും പറഞ്ഞത്. ദാരിദ്ര്യം യാഥാര്‍ത്ഥ്യമായുള്ള ഒരു രാജ്യത്താണ് ശ്രീനിവാസന് സാറും ഞാനുമൊക്കെ ജീവിക്കുന്നത്. G NP യും GDP യുമൊക്കെ വളരെ താഴെ നില്‍ക്കുമ്പോഴും വികസന സൂചികകളില്‍ ചിലതിലെങ്കിലും നമ്മള് ജപ്പാനോടൊക്കെ കിടപിടിച്ചു നില്‍ക്കുന്നത് ഏറ്റവും പ്രാഥമികത്തട്ടിലുള്ള അംഗന്‍വാടി ടീച്ചര്‍മാരടക്കമുള്ളവര്‍ ഒഴുക്കുന്ന വിയര്‍പ്പ് കൊണ്ടാണ്. അതിനെ കാണാതെ പോകരുത്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് .