തൃക്കരിപ്പൂർ : മുസ്ലിംലീഗ് നേതാക്കൾ ചുളുവിലയ്ക്ക് തട്ടിയെടുത്ത തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ വഖഫ് ഭൂമിയുടെ രേഖയിലും ഗുരുതരമായ കൃത്രിമം. ജെംസ് സ്കൂളിന്റെ ഭൂമി ടാസ്ക് കോളേജിന് വിൽപന നടത്തിയ രേഖയിലാണ് കൃത്രിമം. അന്വേഷണത്തിനായി വഖഫ് ബോർഡ് ജീവനക്കാർ തൃക്കരിപ്പൂരിലെത്തി. ജെംസ് സ്കൂളിലെത്തി തെളിവ് ശേഖരിച്ചു.
12 ആധാരങ്ങളിലായി 3.87 ഏക്കർ ഭൂമിയാണ് ജാമിഅ സഅദിയ്യകമ്മിറ്റിയുടെ പേരിലുള്ളത്. 2012 ൽ അന്നത്തെ സ്കൂൾ മാനേജരായിരുന്ന ഒ ടി അഹമ്മദ് ഹാജിക്ക് 5715 ആധാര പ്രകാരം ലീസായാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്ന് 34.98 സെന്റ് ഭൂമി 2015 ഫെബ്രവരി 24ന് തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ 742/2015 നമ്പർ പ്രകാരം മാനേജരായ ഒ ടി അഹമ്മദ് ഹാജി വിലക്ക് വാങ്ങി. ജാമിഅ സഅദിയ്യ ഇസ്ലാമിയയുടെ ട്രഷറർ കൂടിയാണ് ഒ ടി. 1444/11, 3013/11 അധാര പ്രകാരം നാല് സെന്റ് ഭൂമി മറ്റുള്ളവർക്ക് നൽകിയതായും പറയുന്നു. ബാക്കി വരുന്ന 3.48 ഏക്കർ ഭൂമി ആധാരത്തിലുണ്ട്. കോളേജ് ട്രസ്റ്റിന് രജിസ്റ്റർ ചെയ്തുകൊടുത്ത രേഖയുടെ ആദ്യഭാഗത്ത് ഇൗ വിവരമുണ്ടെങ്കിലും അവസാന ഭാഗം പട്ടികയിൽ 2.38 ഏക്കറാണ് കാണിച്ചത്. ഈ പ്രദേശത്തെ ഭൂമിക്ക് 17500 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. കെട്ടിട മുൾപ്പെടെ 30 ലക്ഷം രൂപ വില തിട്ടപ്പെടുത്തി സ്റ്റാമ്പും ഫീസും ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയാണ് നൽകിയത്. 3. 48 ഏക്കറിന് രജിസ്ട്രേഷൻ തുക ആറ് ലക്ഷത്തിന് മുകളിലാവുമെന്ന് കണ്ടാണ് രേഖയിൽ കുറച്ചു കാട്ടിയത്.
ഭൂമി വാങ്ങിയ ടാസ്ക് ട്രസ്റ്റിന്റെ ഭാരവാഹികളായ എം സി ഖമറുദ്ദീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ അടക്കം നാല് മുസ്ലിം ലീഗ് നേതാക്കളും ജനപ്രതിനിധികളാണ്. വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ ബാവ എന്നിവരാണിവർ. ജന പ്രതിനിധികളാണ് കൃത്രിമത്തിനും വഖഫ് ഭൂമി തട്ടിയെടുക്കുന്നതിനും നേതൃത്വം നൽകിയെതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആധാരത്തിൽ കെട്ടിടം രേഖപ്പെടുത്തിയതിലുമുണ്ട് കൃത്രിമം. 16000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളും പള്ളിയും രേഖയിൽ കാണിക്കാതെ 700 ചതുരശ്ര അടി കെട്ടിടമാണ് കാണിച്ചിട്ടുള്ളത്. വഖഫ് ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് സ്വത്തുക്കൾ കൈമാറിയത്. 1995 ലെ വഖഫ് നിയമത്തിലെ സെക്ഷൻ 51 അനുസരിച്ച് ഇത് അസാധുവും ക്രിമിനൽ കുറ്റവുമാണ്. അതിനാലാണ് സംഭവം പുറത്തായപ്പോൾ ഭൂമി തിരിച്ചുനൽകാമെന്ന് സമസ്തയെ അറിയിച്ച് നേതാക്കൾ തലയൂരാൻ ശ്രമിക്കുന്നത്.
അതേസമയം വഖഫ് ഭൂമി തട്ടിയത് വിവാദമായതിന് പിന്നാലെ 2011 ലെ സമാനമായ ഭൂമി കച്ചവടവും പുറത്തുവന്നു. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ 1.84 ഏക്കർ ഭൂമിയാണ് സ്വകാര്യ വ്യക്തികൾക്ക് കൈമാറിയത്. ജാമിഅ സഅദിയ ഇസ്ലാമിയ്യ അഗതി മന്ദിരം കമ്മിറ്റി തൃക്കരിപ്പൂർ ചാരിറ്റബിൾ എജ്യുക്കേഷണൽ ട്രസ്റ്റിന് കൈമാറിയ ഭൂമി തിരിച്ച് പിടിക്കാൻ കേരള വഖഫ് ബോർഡ് നടപടി സ്വീകരിച്ചതോടെയാണ് മുമ്പ് വിൽപന നടത്തിയ ഭൂമിയും വഖഫിന്റെ പരിതിയിൽപ്പെടുന്നതാണെന്ന് വ്യക്തമായത്.
2005-ൽ പുത്തലത്ത് മുഹമ്മദ് കുഞ്ഞി ഹാജിയിൽ നിന്നാണ് ജാമിഅ സഅദിയ കമ്മറ്റി ഭൂമി വില കൊടുത്ത് വാങ്ങിയത്. 2012 ഏപ്രിൽ ഒമ്പതിന് കക്കുന്നം സ്വദേശിയായ കോമത്ത് വിജയന് വിൽപന നടത്തുകയും ചെയ്തു. ഇദ്ദേഹം ഇതേ വർഷം ആഗസ്റ്റിൽ മുട്ടത്ത് വിനോദിന് വിറ്റതായും പറയുന്നു. ഈ ഭൂമി 2015 ഫെബ്രവരി 24ന് ഒ ടി അഹമ്മദ് ഹാജി എന്നവർക്ക് കൈമാറി. ജാമിഅ സഅദിയ്യ ഇസ്ലാമിയയുടെ ട്രഷറർ കൂടിയാണ് ഒ ടി. 34.98 സെന്റാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ബാക്കി ഭൂമിയുടെ വിവരം കൂടി വെളിച്ചത്തുവരേണ്ടതുണ്ട്.
വഖഫ് ഭൂമി ഏതെങ്കിലും വിധത്തിൽ അന്യവൽക്കരിക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. കോളേജ് ട്രസ്റ്റ് വഖഫ് ഭൂമിയല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ലീഗ് നേതാക്കൾ കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മലക്കം മറിഞ്ഞു. ഭൂമി തിരിച്ചു നൽകാമെന്ന് കഴിഞ്ഞ ദിവസം സമസ്ത വിളിച്ച യോഗത്തിൽ അറിയിച്ചിട്ടുണ്ട്. അതോടെ അനാഥ കുട്ടികളുടെ ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് തകർന്നത്