രാഷ്ട്രീയ നാവിന്റെ വേലിചാട്ടം മനോരമ മുഖപ്രസംഗം
സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണ്; ഒരു വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോൾ വിശേഷിച്ചും. പക്ഷേ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുവേദിയിൽ ഇന്നലെ മറന്നത് സ്വന്തം വാക്കുകളുടെ ഈ നിലയും വിലയുമാണ്.
പ്രവാസികളെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോൾ, ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ പാർട്ടിക്കു മാത്രമല്ല, നാടിനുതന്നെ വലിയ നാണക്കേടു വരുത്തിവയ്ക്കുന്നു. അന്ന് നിപ്പ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണു കെപിസിസി പ്രസിഡന്റ് വിമർശിച്ചത്. പരാമർശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയുമാണ്. സമരത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ മറന്ന വിധത്തിലായി മുല്ലപ്പള്ളിയുടെ വാക്കുകളെന്നാണ് ആരോപണം.
കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയാണിത്. കോവിഡ് പ്രതിരോധപ്രവർത്തനരീതിയിലും പ്രവാസികളുടെ മടക്കം സംബന്ധിച്ച സർക്കാർ നിലപാടുകളിലുമുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. പക്ഷേ, ആരോഗ്യപ്രവർത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്റിൽനിന്നുണ്ടായത്.
വിലകെട്ട വാക്കുകൾ പൊതുജനമധ്യത്തിൽ ഉപയോഗിച്ചത് ഒരു വനിതയ്ക്കുനേരെയാവുമ്പോൾ അതു കൂടുതൽ നിന്ദ്യമായിത്തീരുന്നു. സ്ത്രീകളോടു പുലർത്തേണ്ട അന്തസ്സും ആദരവും ഒരു വലിയ നേതാവു മറന്നതു കോൺഗ്രസിന്റെ കുലീന പാരമ്പര്യത്തെക്കൂടി ചോദ്യം ചെയ്യുകയാണ്. ഒരു ദേശീയ പാർട്ടിയെ സംസ്ഥാനതലത്തിൽ നയിക്കേണ്ടയാൾ ആ നേതൃഗുണമാണ് ഇന്നലെ മറന്നതെന്നു കരുതുന്നവരുണ്ടാവും.
ഭരണാധികാരിയെന്നോ ജനപ്രതിനിധിയെന്നോ പാർട്ടി നേതാവെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട അടിസ്ഥാന മര്യാദയുടെ ഭാഗംതന്നെയാണ് മറ്റുള്ളവരോടുള്ള ബഹുമാനം. രാഷ്ട്രീയ പ്രതിയോഗികളോടുള്ള വിയോജിപ്പുകൾ ആത്മനിയന്ത്രണത്തോടെ, വ്യവസ്ഥാപിതമായ രീതിയിൽ അറിയിക്കുന്നതിനു പകരം, തരംതാണ വാക്കുകൾ ഉപയോഗിച്ചപ്പോൾ കളങ്കിതമായതു പ്രബുദ്ധകേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം തന്നെ. ഒരു പാർട്ടിയെ നയിക്കുന്നയാളിൽനിന്ന് അന്തസ്സുറ്റ സമീപനവും നിലപാടും വാക്കുകളുമാണ് ആ പാർട്ടിയും സമൂഹംതന്നെയും എപ്പോഴും പ്രതീക്ഷിക്കുന്നത്. ആ കുലീനത കൈമോശം വരുമ്പോൾ അതു ജനത്തെ കൊഞ്ഞനംകുത്തലാവുന്നു.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പൊതുവേദികളിലും മറ്റും സംസാരിക്കുമ്പോൾ സൂക്ഷ്മതയും മാന്യതയും കാണിക്കണമെന്നത് ഓർമിപ്പിക്കുന്ന വേറെയും സംഭവങ്ങൾ സമീപകാലത്തുതന്നെയുണ്ടായി. സ്ഥാനത്തിന്റെ വലുപ്പവും സമൂഹത്തിന്റെ അന്തസ്സും ജീവിതത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകൾ ഇത്തരം അധിക്ഷേപത്തിലൂടെ അവർ മറന്നുപോയപ്പോൾ അതു വ്യാപകമായ വിമർശനത്തിനു കാരണമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിലകുറഞ്ഞ വാക്കുകൾ നമ്മുടെ ചില നേതാക്കളിൽനിന്നു പതിവായി വരുന്നതു നിർഭാഗ്യകരമാണ്. ഇക്കാലത്ത് എല്ലാം അപ്പപ്പോൾ ജനം കാണുന്നുവെന്നുപോലും ഓർക്കാതെയാണ് ഈ പ്രസംഗാഭാസങ്ങൾ.
പരസ്പര ബഹുമാനത്തോടെ ഈടുറ്റ ചർച്ചകൾ നടത്തി ജനകീയപ്രശ്നങ്ങൾക്കും നാടിന്റെ വികസന പ്രതിസന്ധികൾക്കും പരിഹാരം കാണുന്ന, നിലവാരമുള്ള രാഷ്ട്രീയ സംസ്കാരത്തിലേക്കു കേരളം മടങ്ങണമെന്നാണു ജനം ആഗ്രഹിക്കുന്നത്. നാവു വേലി ചാടുമ്പോൾ അതു നിയന്ത്രിക്കേണ്ടത് അവനവൻതന്നെയാണ്.