ജില്ലയിലെ വൈദ്യുതി വിതരണം ,നാലു വര്‍ഷത്തിനിടെ ചെലവഴിച്ചത് 176.78 കോടി രൂപ
കാസർകോട് : ഗുണമേന്മയുള്ള വൈദ്യുതി എല്ലാവര്ക്കും എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ആശാവഹമായ വികസനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വൈദ്യുത വിതരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വിവിധങ്ങളായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയില്‍ 176,78,33,991 രൂപയാണ് ചെലവഴിച്ചത്. കണക്ഷന് വേണ്ടി അപേക്ഷിച്ചവര്‍ക്കെല്ലാം കാലതാമസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും നാല് വര്‍ഷത്തിനിടെ 80,966 പുതിയ കണക്ഷനുകളാണ് നല്‍കിയതെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്ര പറഞ്ഞു. ഇതിനായി 34.16 കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിക്കുന്നതിനായി 280.36 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും 897.67 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളുമാണ് ജില്ലയില്‍ പുതുതായി സ്ഥാപിച്ചത്. ഇതിന് 64.80 കോടിയാണ് ചെലവായത്. 18.10 കോടി രൂപ ചെലവില്‍ 2726.55 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും 129.39 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും റീകണ്ടക്ടറിങ്ങ് പ്രവര്‍ത്തനത്തിന് വിധേയമാക്കി. വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടേജ് പ്രശ്നം പരിഹരിക്കാനായി 546 ട്രാന്‍സ്ഫോമറുകളാണ് സ്ഥാപിച്ചത്. ഇതിനായി 25.22 കോടി രൂപ ചെലവഴിച്ചു.