ഞങ്ങളുടെ ഭാഗത്ത് യാതൊരു പാകപ്പിഴയുമില്ല; വൈദ്യുതി ബില്‍ ഉയര്‍ന്നത് അമിത ഉപയോഗം കാരണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തങ്ങളുടെ ഭാഗത്ത് യാതൊരു പാകപ്പിഴയും സംഭവിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള. സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസത്തെ ബില്ലില്‍ കുറച്ച് നല്‍കും. നിലവിലെ ബില്ലിലെ തുക അഞ്ച് തുല്യ തവണകളായി അടക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെക്ഷനിലെ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്ബറില്‍ വിളിച്ച് ആവശ്യപ്പെടുകയോ വേണമെന്നും അദേഹം അറിയിച്ചു.
ബില്‍ തുക തവണകളായി അടക്കേണ്ടാത്തവര്‍ക്ക് ബില്ലിലെ ഒരു ഭാഗം ഇപ്പോള്‍ ഓണ്‍ലൈനായി അടയ്ക്കാം. 70 ശതമാനം തുകയാണ് അടക്കേണ്ടത്. ബാക്കി തുക സബ്സിഡിക്ക് ശേഷം അടുത്ത മാസം അടയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബില്‍ ഉയര്‍ന്നത് ഉപയോഗം കൂടിയത് കൊണ്ട് തന്നെയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സബ്സിഡി അടുത്ത മാസം മുതല്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.