കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി, കേന്ദ്ര നിലപാട് തേടി ഹൈക്കോടതി
സംസ്ഥാന സർക്കാരിന്റെ നയത്തിൽ തങ്ങൾ ഇടപെടുന്നില്ല എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.
ന്യൂഡൽഹി : കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ നയത്തിൽ തങ്ങൾ ഇടപെടുന്നില്ല എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് മുതിർന്ന മാധ്യമപ്രവർത്തകൻ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. വന്ദേഭാരത് മിഷനിൽ വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് റിസർട്ട് നിർബന്ധമാണോ എന്ന് കേന്ദ്രം അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.