കാസർകോട് : ബോവിക്കാനം–- കുറ്റിക്കോൽ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു . കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കെ പി വിനോദ് കുമാർ, കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോപിനാഥൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, വൈസ് പ്രസിഡന്റ് വി ഗീത, സി ബാലൻ, കെ അഹമ്മദ് ഷെരീഫ്, കെസതീശൻ, കെ ബാലകൃഷ്ണൻ, ദിലീപ് പള്ളഞ്ചി എന്നിവർ സംസാരിച്ചു. ബോവിക്കാനം ടൗണിൽ നിന്നാരംഭിച്ച് കുറ്റിക്കോൽ വരെയുള്ള 17 കിലോമീറ്റർ റോഡ് വീതികൂട്ടി നവീകരിക്കാൻ കിഫ്ബി മുഖേന 54.20 കോടി രൂപയാണ് ചെലവഴിക്കുക. പത്ത് മീറ്റർ വീതിയിലാണ് റോഡ്. 32 കലുങ്കുകൾ നിർമിക്കും. അരിക് സുരക്ഷക്ക് കോൺക്രീറ്റ് ചെയ്യും. ബോവിക്കാനം, ഇരിയണ്ണി, ബേത്തൂർപാറ ടൗണുകളിൽ നടപാത നിർമിക്കും. ചെന്നൈയിലെ ആർഡിഎസ് കമ്പനി പിന്മാറിയതിനെ തുടർന്ന് ചട്ടഞ്ചാലിലെ ജാസ്മിൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല.ജില്ലയിൽ ഏറ്റവും വേഗത്തിൽ വികസനം കുതിപ്പ് നടത്തുന്ന ഉദുമ മണ്ഡലത്തിലെ പ്രധാന പ്രവർത്തികളിൽ ഒന്നാണിത്