ഭൂരിപക്ഷം നഷ്ടമായി; മണിപ്പുരിൽ ബിജെപി സർക്കാർ വീഴും
ഇംഫാൽ മണിപ്പുരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച്കോൺഗ്രസിൽ ചേർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർടിയിലെ (എൻപിപി) 4 എംഎൽഎ മാർ പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇതിൽ എൻപിപി നേതാവും ഉപമുഖ്യമന്ത്രിയുമായ വൈ ജോയ്കുമാർ സിങ്ങും മറ്റ് രണ്ട് മന്ത്രിമാരുമുണ്ട്. കൂടാതെ ഒരു സ്വതന്ത്രനും തൃണമൂൽ എംഎൽഎയും ബിജെപി കൂട്ട്കെട്ട് അവസാനിപ്പിച്ചു. ഇതോടെ ബിജെപി നേതാവ് ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി.
നിലവിൽ 59 അംഗങ്ങളുള്ള നിയമസഭയിൽ ബിജെപിയെ പിന്തുണയ്ക്കുന്നവർ 30ൽ താഴെയായി. 2017ലെ തെരഞ്ഞെടുപ്പിൽ 28 എംഎൽഎമാരുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ എത്തുകയായിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഗവർണറെ കാണാനൊരുങ്ങുകയാണ് കോൺഗ്രസ് പ്രതിനിധികൾ.