സംഘർഷം അകലുന്നില്ല, പെരിയ കല്ല്യോട്ട് സ്കൂട്ടി തടഞ്ഞു
സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചു.
പെരിയ: ഇരട്ടക്കൊലപാതകത്തിലേക്ക് വരെ എത്തിയ കല്യോട്ടെ സി.പി.എംകോണ്‍ഗ്രസ് സംഘര്‍ഷത്തിന് ഇടക്കാലത്ത് അയവുവന്നെങ്കിലും പ്രദേശത്ത് വീണ്ടും അക്രമം നടന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകുന്നു. ബുധനാഴ്ച രാത്രി കല്യോട്ട് സി.പി.എം പ്രവര്‍ത്തകനെ രണ്ടംഗസംഘം സ്കൂട്ടി തടഞ്ഞ് അക്രമിച്ചതോടെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുകയാണ്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ മുല്ലൂര്‍ വീട്ടില്‍ ബെന്നി(52)യാണ് അക്രമത്തിനിരയായത്. റബ്ബര്‍ ടാപ്പിംഗിന് ശേഷം ബെന്നി കല്യോട്ടെ വത്സന്റെ കടയില്‍ സഹായത്തിന് പോകാറുണ്ട്. രാത്രി കടയടച്ച് സ്കൂട്ടിയില്‍ താമസസ്ഥലത്തേക്ക് ബെന്നി പോകുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വീരപ്പന്മണി, അനീഷ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി അക്രമിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബെന്നിയുടെ പരാതിയില്‍ മണിക്കും അനീഷിനുമെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.