പനിയും ശ്വാസതടസവും; ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍
ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി സത്യേന്ദര്‍ ജെയിനെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യൂഡല്‍ഹി: കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. തനിക്ക് കടുത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്നവും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തുവെന്ന കാര്യം സത്യേന്ദ്ര ജെയിന് തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി പങ്കെടുത്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള ഡല്‍ഹിയിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കൊവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവായിരുന്നു ഫലം.
പനിയും തൊണ്ടയ്ക്കു വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍തന്നെയാണ് നിരീക്ഷണത്തിലിരുന്നത്. അതേസമയം, 43,000 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 25,002 പേര് ചികില്‍സയിലാണ്. ആകെ 1,400 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം.