വാതിൽ ചില്ല് തകര്‍ന്ന് യുവതി മരിച്ച സംഭവം; ബാങ്കില്‍ പൊലീസ് പരിശോധന, മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്.
കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് വാതിലിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പൊലീസ് ബാങ്കില്‍ പരിശോധന നടത്തുന്നു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ചില്ലിന്റെ ഗുണമേന്മ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തും. ഗുണനിലവാരമില്ലാത്ത അപകടകരമായ ഗ്ലാസ് പ്രധാന വാതിലിൽ വന്നതിൽ പരാതിയുണ്ടെന്ന് മരിച്ച ബീനയുടെ ഭർത്താവിന്റെ സഹോദരൻ പറഞ്ഞു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്.
ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ ബൈജു പോളിന്റെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
സ്കൂട്ടര്‍ മുറ്റത്ത് വെച്ച് ബാങ്കിനുള്ളില്‍ കയറിയ ബീന പണം പിന്‍വലിക്കാനായി കൗണ്ടറിലെത്തി. അപ്പോഴാണ് സ്കൂട്ടറിന്റെ താക്കോല്‍ എടുക്കാന്‍ മറന്ന കാര്യം ഓര്‍ക്കുന്നത്. കൗണ്ടറിലെ സ്റ്റാഫിനോട് പറഞ്ഞ ശേഷം പുറത്തേക്ക് ഓടിയതായിരുന്നു ബീന. ബാലൻസ് തെറ്റി തറയിൽ വീഴുകയും ചില്ല് വയറ്റിൽ തറഞ്ഞ് കയറുകയുമായിരുന്നു. തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു.