അനാഥക്കുട്ടികളുടെ ഭൂമി ലീഗ് നേതാക്കൾ തട്ടിയെടുത്ത സംഭവം: വഖഫ് ബോർഡ് അന്വേഷണം തുടങ്ങി
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ്യ അനാഥ അഗതി മന്ദിരത്തിന്റെ ഭൂമിയും കെട്ടിടവും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയിൽ കാസർകോട് വഖഫ് സൂപ്രണ്ട് പ്രാഥമികാന്വേഷണം തുടങ്ങി. മണിയനൊടിയിലെ ജെംസ് സ്കൂളുൾപെടുന്ന 2.3 ഏക്കർ ഭൂമിയും കെട്ടിടവും തട്ടിയെടുത്തെന്ന അഗതി മന്ദിരം വൈസ് പ്രസിഡന്റ് താജുദീൻ ദാരിമിയുടെ പരാതിയിലാണ് അന്വേഷണം.
ഈ ഭൂമിയുടെ പ്രമാണം റദ്ദാക്കണമെന്നും നേതൃത്വം നൽകിയ എം സി ഖമറുദീൻ എംഎൽഎയടക്കമുള്ള നേതാക്കൾക്കെതിരെ നടപടിയാവശ്യപ്പെട്ടും എസ്കെഎസ്എസ്എഫ് നേതാക്കൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിലും പരാതി നൽകി. എംഎൽഎ ചെയർമാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷററുമായി ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളേജ് ട്രസ്റ്റിന്റെ പേരിലേക്കാണ് ആറ് കോടി വിലമതിക്കുന്ന ഭൂമിയും കെട്ടിടവും 30 ലക്ഷം രൂപക്ക് രജിസ്റ്റർ ചെയ്തത്.
കോളേജിന്റെ നഷ്ടമായ അഫിലിയേഷൻ ഈ രേഖകൾ കാണിച്ച് തിരിച്ചുപിടിക്കാനുള്ള ശ്രമവും നടന്നു. പരാതിയുള്ളതിനാൽ കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം അപേക്ഷ പരിഗണിച്ചില്ല. ടാസ്ക് കോളേജ് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ചില നേതാക്കളുടെ സ്വകാര്യ സ്വത്താണെന്നും ലീഗ് പഞ്ചായത്ത് സെക്രട്ടറി വി ഹെൽപ് അഷ്റഫ് പറഞ്ഞു. ഉടമസ്ഥാവകാശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത മുഷാവറക്ക് പരാതി നൽകാനും ലീഗ് കമ്മിറ്റി തീരുമാനിച്ചു.
കോളേജ് ഭാരവാഹികളാണെന്നത് മറച്ചുവച്ചാണ് ജനവിധി തേടിയതെന്നും വഖഫ് ഭൂമി തട്ടിയെടുത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്തംഗം വി കെ ബാവ എന്നിവരുൾപ്പെടെ നാല് ജനപ്രതിനിധികൾക്കെതിരെ ഐഎൻഎൽ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.