മുസ്ലീം ലീഗ് എംഎൽഎ യും കൂട്ടാളികളും തട്ടിയെടുത്തത് യത്തീം കുട്ടികളുടെ ഭൂമിയാണെന്ന് പരാതി.
6 കോടിയുടെ ഭൂമി അടിച്ചുമാറ്റിയത് 30 ലക്ഷം രൂപക്ക് , ദേശാഭിമാനിക്ക് വാർത്ത ചോർത്തിയത് ലീഗിലെ മുതിർന്ന നേതാക്കൾ ,
തൃക്കരിപ്പൂർ : മുസ്ലീം ലീഗ് എംഎൽഎ യും കൂട്ടാളികളും തട്ടിയെടുത്തത് യത്തീം കുട്ടികളുടെ ഭൂമിയാണെന്ന് പരാതി.തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ കെ വിഭാഗം സമസ്തയുടെ ജാമിഅ സഅദിയ്യ ഇസ്ലാമിയ്യയുടെ അനാഥ അഗതി മന്ദിരത്തിന്റെ പേരിൽ മണിയനൊടിയിൽ പ്രവർത്തിക്കുന്ന ജെംസ് സ്കൂൾ അടച്ചു പൂട്ടി ഭൂമി സ്വന്തമാക്കിയതോടെ വഴിയാധാരമായത് 400ഓളം കുട്ടികൾ. സ്കൂൾ പൂട്ടുമെന്ന് ഉറപ്പാക്കിയതോടെ 40 ഓളം ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളവും നൽകിയില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ ജീവനക്കാർ ശമ്പളമാവശ്യപ്പെട്ടു പ്രതിഷേധിച്ചിരുന്നു.
എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷറുമായ ആറ് മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളേജ് ട്രസ്റ്റിന്റെ പേരിലാണ് ചുളുവിലക്ക് ഈ ഭൂമി രജിസ്റ്റർ ചെയ്തെടുത്തത്.ഏഴ് വർഷമായി പ്രവർത്തിക്കുന്ന കോളേജ്ട്രസ്റ്റിന്റെ പേരിൽ മൂന്ന് കോടിയോളം ഓഹരി പിരിച്ചതായും പുറത്ത് വന്നിട്ടുണ്ട്. വൻതുക നൽകിയവർ പങ്കുവച്ച വിവരങ്ങളുടെ ശബ്ദരേഖ പരാതി നൽകിയവരുടെ കൈവശമുണ്ട്.
രണ്ട് കമ്മിറ്റികളിലും സ്ഥാനമുറപ്പിച്ച ലീഗ് നേതാക്കൾ ആസൂത്രിതമായാണ് വഖഫ് ഭൂമി കൈയടക്കിയത്. ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി ജനുവരിയിൽ ആലോചന യോഗം ചേരുകയും 51 ശതമാനം ജാമിയയുടെ പേരിലും 49 ശതമാനം കോളേജിനും നൽകാൻ താൽകാലിക ധാരണയായി. കോളേജിന്റെ നഷ്ടമായ അഫിലിയേഷൻ തിരിച്ചെടുക്കാനുള്ള നടപടിയായാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനം ജില്ലാ മുഷാവറ ചർച്ച ചെയ്യുകയും സംസ്ഥാന സമിതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് മറ്റ് നടപടികളിലേക്ക് നീങ്ങാമെന്നുമായിരുന്നു യോഗത്തിന്റെ ധാരണ. എന്നാൽ അനുമതിക്ക് കാത്തുനിൽക്കാതെകോവിഡിന്റെ മറവിൽ ഫെബ്രുവരി 20ന് യോഗം ചേർന്നതായും ഭൂമി കൈമാറാൻ പ്രധാനിയായപൂക്കോയ തങ്ങൾക്ക് ചുമതല നൽകിയതായും വ്യാജ രേഖയുണ്ടാക്കി. ജാമിയയുടെ ഒരു ഭാരവാഹിയായ ഓ.ടി.അഹമ്മദ് ഹാജിയുടെ തൃക്കരിപ്പൂർ എട്ടാം വാർഡിലെ വീട്ടിൽ വച്ചായിരുന്നു രഹസ്യമായി രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. നടപടികൾ ക്രമപ്രകാരമാണെങ്കിൽ എന്തിനാണ് വീട്ടിൽവച്ചു രഹസ്യമായി രജിസ്ട്രേഷൻ ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. ജനറൽ ബോഡി ചേരുകയോ മറ്റ് കമ്മിറ്റി ഭാരവാഹികളുടെ അറിവോ ഇല്ലാതെയായിരുന്നു കൈമാറ്റം.കേരള സ്റ്റേറ്റ് വഖഫ് ബോര്ഡില് 6930 നമ്പറായി രജിസ്റ്റർ ചെയ്തതാണ് ഈ സ്ഥാപനം. മുഴുവന് വസ്തുക്കളും വഖഫ് നിയമപ്രകാരം വഖഫായി പരിഗണിക്കപ്പെടും.
ആറ് കോടി വിലമതിക്കുന്ന ഭൂമിക്കും കെട്ടിടത്തിനുമായി 30 ലക്ഷം രൂപയാണ് രേഖയിൽ കാണിച്ചിരിക്കുന്നത്. സംഭവം പുറത്തായതോടെ അണികളിലും വിശ്വാസികളിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഭൂമി കൈമാറ്റത്തിനെതിരെ പരാതി നൽകിയ സമസ്തയുടെ യുവജന സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറിയും സമസ്ത ജില്ലാ മുഷാവറ അംഗവും ജാമിയ ഇസ്ലാമിയ വൈസ് പ്രസിഡന്റുമായ താജുദ്ദീൻ ദാരിമിയെ പിന്തുണച്ച് നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം ലീഗിന്റെ സൈബറിടങ്ങളിലും നേതാക്കൾക്കെതിരെ പരസ്യ പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്.മലേഷ്യയിലെ തൃക്കരിപ്പൂർ കൂട്ടായ്മയും ഭൂമി തട്ടിപ്പിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.എന്നാൽ വ്യക്തി കേന്ദ്രീകൃതമായ ഇടപാടുകളിൽ പാർട്ടിയെ വലിച്ചിഴക്കരുതെന്നും നേതാക്കൾ സ്വയം നിയന്ത്രണ വിധേയരാകണമെന്നും ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി വി ഹെൽപ്പ് അഷ്റഫ് പ്രസ്താവിച്ചു.അതിനിടെ വാർത്ത പുറത്തുവിട്ട ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃക്കരിപ്പൂർ ചാരിറ്റബിൾ ട്രസ്റ്റ് യോഗം പാർട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ അറിയിച്ചു.എല്ലാ നടപടികളും നിയമാനുസൃതമാണെന്നാണ് ട്രസ്റ്റ് പറയുന്നത്. എന്നാൽ കമറുദ്ദീനെതിരെ തുടർച്ചയായ ആരോപണങ്ങൾ പാർട്ടി നേതൃത്വത്തിന് തലവേദനയായി മാറി.എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം സ്വപ്നം കാണുന്ന ചിലരാണ് എം.എൽ എ.ക്കെതിരെ പ്രചാരണം അഴിച്ചുവിടുന്നതെന്നും ദേശാഭിമാനിക്ക് ലീഗിൽ നിന്ന് തന്നെയാണ് വിവരങ്ങൾ ചോർത്തിനൽകുന്നതെന്നും കമറുദ്ദീൻ,പൂക്കോയ തങ്ങൾ അനുകൂലികൾ പറയുന്നു.കമറുദ്ദീനെതിരെ കരുക്കൾ നീക്കുന്നത് കാസർകോട്ടെ ലീഗ് ലോബിയാണെന്നും തൃക്കരിപ്പൂർ നേതാക്കളെ ജില്ലാ നേതൃത്വത്തിൽ നിന്നും മാറ്റിനിർത്താനുള്ള അജണ്ടയാണിതെന്നും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്,