വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കുമായി ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണിന് ഇളവ്. ആരാധനാലയങ്ങൾ തുറന്നതും എൻട്രൻസ് പരീക്ഷകൾ നടക്കുന്നതും പരിഗണിച്ചാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകൾ നടത്താം. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ നിർദ്ദേശത്തിൽ പറയുന്നു.
ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറന്നതിനാലും വിവിധ പ്രവേശന പരീക്ഷകൾ നടക്കാനിരിക്കുന്നതിനാലുമാണ് സർക്കാർ നിലപാട് മാറ്റിയത്.