കൊല്ലം: തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് ബാലകൃഷ്ണ പിള്ള. എല്‍ഡിഎഫില്‍ താനും തന്റെ പാര്‍ട്ടിയും പൂര്‍ണ്ണ സംതൃപ്തരാണെന്നും പിള്ള പറഞ്ഞു. യുഡിഎഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും അറിയിച്ചു.
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ ഗൂഢാലോചനയുണ്ട്. എല്‍ഡിഎഫില്‍ തങ്ങള്‍ വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ആരുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത നല്കിയവര് പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘താന്‍ ഇതുവരെ മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല. ചോദിക്കാതെ തന്നെ പാര്‍ട്ടി ചെയര്മാന് കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസ കോര്പ്പറേഷന് ചെയര്മാന് പദവി നല്‍കിയിട്ടുണ്ട് എല്‍ഡിഎഫ്. താന്‍ മന്ത്രി സ്ഥാനത്തിന് വേണ്ടി യുഡിഎഫിലേക്ക് പോകുന്നുവെന്ന് പറയുന്നത് നാണംക്കെട്ട കാര്യമാണ്. രണ്ടു തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ചയാളാണ് ഗണേഷ് കുമാര്‍. എനിക്ക് മന്ത്രിയാകാന്‍ താത്പര്യമില്ല. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് എം.കെ.മുനീര്‍ അച്ഛനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. മുന്നണിയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയവും അവിടെ സംസാരിച്ചിട്ടില്ല’ ഗണേഷ് കുമാര്‍ പറഞ്ഞു.