ബെംഗളൂരു ∙ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതിനു രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ വിദ്യാർഥിനി അമൂല്യ ലിയോണ(19)യ്ക്ക് ഒടുവിൽ ജാമ്യം. അറസ്റ്റിലായി 3 മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് അഡീഷനൽ സിറ്റി മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനു ഫെബ്രുവരി 20നാണ് അമൂല്യ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.അതേസമയം രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരെ 3 മാസം കഴിഞ്ഞും കുറ്റപത്രം സമർപ്പിക്കാത്തതിനു ഹുബ്ബള്ളി റൂറൽ പൊലീസ് ഇൻസ്പെക്ടർ ജാക്സൺ ഡിസൂസയ്ക്ക് സസ്പെൻഷൻ. പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമർശനം ഉയർന്നതിനെ തുടർന്നാണ് ഐജി രാമചന്ദ്ര സുഹാസിന്റെ നടപടി. ഹുബ്ബള്ളി കെഎൽഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനീയറിങ് വിദ്യാർഥികളായ അമീർ മൊഹിയുദ്ദീൻ (23), ബാസിത് ആഷിക് സോഫ് (19), താലിബ് മജീദ് (19) എന്നിവർക്ക് കുറ്റപത്രം വൈകിയതിനെ തുടർന്നാണു വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. പുൽവാമ ഭീകരാക്രമണ വാർഷിക ദിനത്തിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഫെബ്രുവരി 15നാണ് മൂവരും അറസ്റ്റിലായത്.