ദുബായ്: യു.എ.ഇയിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് തിരിച്ചെത്താൻ പുതിയ മാർഗനിർദേശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. മടങ്ങിയെത്തുന്നവർ വീടുകളിലോ ഹോട്ടലുകളിലോ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം.ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റൈൻ എന്ന കാര്യം യാത്രയ്ക്കു മുമ്പ് യാത്രക്കാരൻ തീരുമാനിച്ചിരിക്കണം. വിമാനത്താവളത്തിൽ വച്ച് തന്നെ യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി മറ്റു എമിറേറ്റിലേക്ക് പോകുന്നവർ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള യാത്രാ സൗകര്യം ഏർപ്പെടുത്തണം.14 ദിവസം ഹോട്ടലുകളിൽ കഴിയുന്നവർക്ക് 24 മണിക്കൂറും ഡോക്ടറുമായി ബന്ധപ്പെടാൻ കഴിയുന്ന ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. ഇവരുടെ ആരോഗ്യ സ്ഥിതിയിൽ വല്ല മാറ്റവും വരികയാണങ്കിൽ ഹോട്ടൽ അധികൃതർ ദുബായ് ഹെൽത്ത് അതോറിറ്റിയെ അറിയിക്കും. ബന്ധപ്പെട്ടവർ ഉടനെ തന്നെ ഇവർക്ക് വേണ്ടപ്പെട്ട ചികിത്സ നൽകും.