വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ട; ഹൈക്കോടതി ഹർജി തള്ളി
കൊച്ചി: പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി. തോക്കും തിരകളും കാണാതായ സംഭവത്തിൽ
സി എ ജിയുടെ ഓഡിറ്റ് റിപോർട് നിയമസഭയുടെ പരിഗണനയിലാണെന്നും സഭയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അന്വേഷണം സാധ്യമല്ലന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
തോക്കും തിരകളും കാണാതായത് അതീവ ഗുരുതരമായ വിഷയമാണന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. അന്വേഷണം വേണമെന്ന സിഎജിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. സിഎജി അന്വേഷണ ഏജൻസിയല്ലന്നും വരവുചെലവ് കണക്കുകൾ പരിശോധിക്കലാണ് സിഎജിയുടെ ചുമതല എന്നും കോടതി വ്യക്തമാക്കി.
പൊലിസിന്റെ തോക്കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്നും ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടെന്നും കേസ് രജിസ്റ്റർ ചെയ്തെന്നും സർക്കാർ വ്യക്തമാക്കി. തിരകൾ നഷ്ടപ്പെട്ടതിനേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും ഒൻപത് പേർക്കെതിരെ കേസെടുത്തതായും സർക്കാർ ബോധിപ്പിച്ചു. തോക്കും തിരകളും കാണാതായെന്ന സി എ ജി റിപോർട്ടിലെ പരാമർശത്തിൽ ആഭ്യന്തര പരിശോധന നടത്തിയെന്നും സർക്കാർ അറിയിച്ചു.
പേരൂർക്കട എസ്.എ പി ക്യാമ്പിൽ നിന്ന് 25 തോക്കുകളും 12061 തിരകളും കാണാതായിട്ടും ഇതുവരെ ഒരുനടപടിയും സ്വീകരിച്ചില്ലന്നായിരുന്നു ഹർജിയിലെ ആരോപണം.