കുടുംബകലഹം, തിരുവനന്തപുരത്തു ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യചെയ്തു; ഇരുവരും മുൻ എസ് ഐമാർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് തൊഴുവൻകോടിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് ഭർത്താവ് ജീവനൊടുക്കി. ഇരുവരും റിട്ടയേർഡ് എസ്ഐമാരാണ്. ഇടപ്പറമ്പ് അഞ്ജലി ഭവനിൽ പി പൊന്നനും (70) ഭാര്യ കെ ലീലയും (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 30 ഓടെയാണ് സംഭവം. ഏറെ നാളുകളായി ഇരുവരും തമ്മിൽ കുടുംബം കലഹത്തിലായിരുന്നു.
ഇന്ന് രാവിലെ അനുജന്റെ മകന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ പൊന്നൻ ഭാര്യയുമായി വഴക്ക് തുടങ്ങി .തുടർന്ന് വീടിന്റെ മുൻവശത്ത് വെച്ച് പട്ടിക കൊണ്ട് ലീലയെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ അവശയായ ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റുകയായിരിക്കുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ലീല ആശുപത്രിയിൽ വെച്ച് മരിച്ചു. ഭാര്യയെ ആശുപത്രിയിലേക്ക് പോലീസ് കൊണ്ട് പോയതിന് ശേഷം വീടിന് പുറക് വശത്തെ പുരയിടത്തിലെ പ്ലാവിൽ കയറി പൊന്നൻ തൂങ്ങി മരിക്കുകയായിരുന്നു. പൊന്നന്റെ മൃദദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.ദീർഘനാളായി തമ്മിൽ കലഹം ആയിരുന്നതിനാൽ നാട്ടുകാരും ഇവരുടെ വഴക്കിനിടയിൽ ശ്രദ്ധ കാണിക്കാറില്ലായിരുന്നു.മക്കൾ പിഎൽ പൊന്നമ്പിളി, പിഎൽ പൊന്നഞ്ചലി.