മണൽ മാഫിയയുടെ ആളാണ് ജില്ലാകളക്ടറെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ വാദം അസംബന്ധം ,
22 മാസത്തിനിടെ കളക്ടർ നേരിട്ട് നടത്തിയത് ഇരുനൂറോളം റെയ്ഡുകൾ ,263 കേസുകൾ ,പിഴയീടാക്കിയത് 2790000 രൂപ
സ്പെഷ്യൽ റിപ്പോർട്ട്
കെ എസ് ഗോപാലകൃഷ്ണൻ
കാസർകോട്:ജില്ലാ കളക്ടർ ഡോ .ഡി.സജിത്ബാബു മണൽമാഫിയയുടെ ആളാണെന്നു കാസർകോട് എം.പി.രാജ്മോഹൻ ഉണ്ണിത്താന്റെ വാദവും നുണപ്രചാരണങ്ങളും പൊളിയുന്നു.കേരളത്തിലെ ഒന്നാം പ്രളയകാലത്ത് 2018 ആഗസ്റ്റ് മാസം 17 ന് ജില്ലയുടെ 23 ആം ജില്ലാ കളക്ടറെയായി ചുമതലയേറ്റ സജിത്ബാബു ഇതിനകം നടത്തിയ മണൽവേട്ട സംസ്ഥാന റിക്കാർഡായി വിലയിരുത്തപ്പെടുന്നു.കാസർകോടിന്റെ കടൽ പുഴയോരങ്ങളിൽ നിർബാധം വിഹരിച്ചിരുന്ന അതിശക്തരായ മണലൂറ്റ് സംഘത്തിന്റെ പേടിസ്വപ്നമായി കളക്ടർ മാറിയത് ചുമതലയേറ്റത്തിന് തൊട്ടുപിന്നാലെയാണ്.മണലൂറ്റ് സംഘത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഉത്തരവുകളും ഭീഷണികളും വകവെക്കാതെയായിരുന്നു കളക്ടറുടെ ഓപ്പറേഷനുകൾ വിജയകരമായി നടത്തിയത്.സ്വന്തം വകുപ്പിലും പോലീസിലും തദ്ദേശ ഭരണ കേന്ദ്രങ്ങളിലെ ചിലരുടെ വഴിവിട്ട ഇടപെടലുകൾ മറികടന്നാണ് പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള കാർഷിക ശാസ്ത്രജ്ഞൻ
കൂടിയായ സജിത്ത് ബാബുവിന്റെയും വിരലിലെണ്ണാവുന്ന സഹപ്രവർത്തകരും ചേർന്ന് നടത്തിയ ആക്ഷനുകൾ.ഇത്തരം നടപടികൾക്ക് രാവെന്നോ പകലെന്നോ വ്യത്യാസമുണ്ടായിരുന്നില്ല.മണലൂറ്റ് സംബന്ധിച്ച് തദ്ദേശവാസികൾ കിറുകൃത്യമായി വിവരങ്ങളാണ് കളക്ടർക്ക് ദിനേന കൈമാറിക്കൊണ്ടിരുന്നത്.ഇതിന്റെ പേരിൽ നിരവധി പ്രാദേശിക പൊതുപ്രവർത്തകർക്ക് പലതരത്തിലുള്ള ഭീഷണികളെയും അതിജീവിക്കേണ്ടിവന്നു.ഇവർക്ക് സംരക്ഷണം നൽകാൻ ഒരു ഭരണാധികാരി എന്ന നിലയി കളക്ടർ ആർജ്ജവം കാട്ടിയതും എടുത്തുപറയേണ്ടതാണ്.. 22 മാസത്തിനിടെ കളക്ടർ നേരിട്ട് നടത്തിയത് ഇരുനൂറോളം റെയ്ഡുകളാണെന്ന് ബി.എൻ.സിക്ക് ലഭിച്ച വിവരാവകാശ രേഖകൾ പറയുന്നു.263 കേസുകളാണ് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തത്.27 ,90000 രൂപ പിഴയായി സർക്കാർ ഖജനാവിലെത്തിച്ചു.
വസ്തുതകൾ ഇതായിരിക്കെയാണ് ആടിനെ പട്ടിയാക്കുന്ന ചിലകേന്ദ്രങ്ങളിൽ നിന്നുള്ള കലക്ടർക്കെതിരായ പ്രചാരണങ്ങൾ ഉയർന്നുവരുന്നത്.ഇതിന് പിന്നിൽ ചിലർക്ക് മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന മണലൂറ്റുകാരുടെ കിമ്പളം നിലച്ചതാണ് .