ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 357 പേർ. 24 മണിക്കൂറിനിടയിലെ കൊവിഡ് മരണസംഖ്യ രാജ്യത്ത് 300 കടക്കുന്നത് ഇതാദ്യമായാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി ഉയർന്നു. 24 മണിക്കൂറിൽ 9996 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2,86,579 ആയി ഉയർന്നു.മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. ജൂലായ് പകുതി വരെയെങ്കിലും രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമായി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം നിലവിലുള്ളതിലും പലമടങ്ങായി വർദ്ധിക്കുമെന്ന് ഡൽഹി സർക്കാർ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം ഈ ആഴ്ചയിൽ തന്നെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നേക്കാം എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവും കാര്യമായി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 1,51,808 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരെ 52 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തി. കൃത്യമായി പറഞ്ഞാൽ 52, 13, 140 സാംപിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആകുകയും 3438 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 1347 പേരാണ് മരിച്ചത്. 21,521 പേര്‍ക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 36,841 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 326 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 32,810 പേര്‍ക്ക് രോഗം കണ്ടെത്തി. 984 പേര് മരിച്ചു.