ലക്നോ:റോഡരികില്‍ കുഴഞ്ഞു വീണയാളുടെ മൃതദേഹം മുന്‍സിപ്പാലിറ്റിയുടെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തില്‍ ഇട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം. മൊഹ്ദ് അന്‍വര്‍(42) എന്നയാളാണ് പഞ്ചായത്ത് ഓഫീസിലേക്കുള്ള യാത്രാമധ്യേ വഴിയില്‍ കുഴഞ്ഞ് വീണു മരിച്ചത്.
ഇവിടെ ആംബുലന്‍സ് വന്നിരുന്നവെങ്കിലും ഇയാള്‍ക്ക് കോവിഡ് ഉണ്ടെന്ന് കരുതി ആരും മൃതശരീരത്തില്‍ സ്പര്‍ശിക്കാന്‍ തയാറായില്ല. പോലീസുകാരുള്‍പ്പടെ ആളുകള്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും എല്ലാവരും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പിന്നീട് ഇവിടെ എത്തിയ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിലേക്ക് ഇദ്ദേഹത്തിന്റെ മൃതശരീരം മാറ്റുകയായിരുന്നു. മാലിന്യകൂമ്ബാരത്തില്‍ കിടത്തിയാണ് അദ്ദേഹത്തിന്റെ മൃതശരീരം കൊണ്ടുപോയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഇയാള്‍ മരിച്ചത് കോവിഡ് ബാധിച്ചാണോയെന്ന് വ്യക്തമായിട്ടില്ല.