കാസർകോട് : കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ- നിയന്ത്രണ പ്രവര്‍ത്തത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം.ആദ്യ രണ്ട് ഘട്ടങ്ങളിലും രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്. ജില്ലയില്‍ പ്രത്യേക സാഹചര്യത്തില്‍ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോട് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ എല്ലാ ജനങ്ങളും പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നും ഇത്തരം സഹകരണം ഉണ്ടാകണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ അഞ്ചിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ആഴ്ചയിലും എം പി, എം.എല്‍. എ, നഗരസഭാദ്ധ്യക്ഷന്മാര് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.രണ്ടാഴ്ച കൂടുമ്പോള്‍ ഈ യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി സംബന്ധിക്കുമെന്നും തീരുമാനിച്ചിരുന്നു.
എന്മകജെ പഞ്ചായത്തിലെ സായ, ചവര്‍ക്കാട് പ്രദേശങ്ങളിലെ ആളുകള്‍ക്ക് കര്‍ണ്ണാടകയിലൂടെ സഞ്ചരിച്ച് കേരളത്തില്‍ എത്തേണ്ട സാഹചര്യമുള്ളതിനാല്‍ അവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നതിന് പ്രത്യേക പാസ് അനുവദിക്കുകയോ, ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യണമെന്ന് എം രാജഗേപാലന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കണ്ടെയ്ന്മെന്റ് സോണില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. ഇവിടെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. മാസ്ക് നിര്‍ബന്ധമാണ്. ജില്ലയില്‍ പോലീസ് പട്രോളിങ് ശക്തമാക്കും. റോഡില്‍ വാഹനതിരക്ക് നിയന്ത്രിക്കും. അത്യാവശ്യ കാര്യത്തിന് അല്ലാതെ ജനങ്ങള്‍ വാഹനവുമായി നിരത്തുകളില്‍ ഇറങ്ങരുത്.
ബഹിഷ്കരണം ജനങ്ങളോടുള്ള വെല്ലുവിളി
കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരിക്കുന്നതും ബഹിഷ്കരിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ കുഞ്ഞിരാമന് എം എല്‍ എ യോഗത്തില്‍ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും ജില്ലയിലെ ജനങ്ങള്‍ ഒറ്റകെട്ടായി നിലകൊള്ളുമ്പോള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ജില്ലയെ പ്രതികൂലമായി ബാധിക്കും. ജില്ലാകളക്ടര്‍, ജില്ലാപോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ജില്ലയിലെ പൊതുവായ പ്രശ്നങ്ങളും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളും അവതരിപ്പിച്ച് പരിഹാരം കാണുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്താതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മറ്റു മണ്ഡലങ്ങളിലെയും കാര്യങ്ങള്‍ നോക്കേണ്ട അവസ്ഥ
ജില്ലയിലെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇപ്പോള്‍. കാര്യങ്ങള്‍ കൈവിട്ട് പോയതിന് ശേഷം വീണ്ടുവിചാരം ഉണ്ടായിട്ട് കാര്യമില്ലെന്നും എം രാജഗോപാലന്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. മന്ത്രിസഭായോഗമുള്ളതിനാലാണ് റവന്യൂ വകുപ്പ് മന്ത്രി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മന്ത്രിയുടെ അഭാവത്തില്‍ യോഗം നിയന്ത്രിക്കേണ്ട ഉത്തരവാദപ്പെട്ടവര്‍ തന്നെ യോഗം ബഹിഷ്കരിക്കുന്നത് ശരിയായ നടപടിയല്ല. ജനപ്രതിനിധികള്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരറിയാതെ പോവുകയാണ് ചെയ്യുന്നുത്. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് പുറമെ ജനപ്രതിനിധികള്‍ പങ്കെടുക്കാത്ത മണ്ഡലങ്ങളിലെ കാര്യങ്ങള്‍ കൂടി യോഗത്തില്‍ അവതരിപ്പിക്കേണ്ട സ്ഥിതിയാണ് കുറച്ചു നാളുകളായി ജില്ലയിലുള്ളതെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായുള്ള നിസ്സഹകരണം ജനങ്ങള്‍ തിരിച്ചറിയുമെന്നും എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എ മാരായ കെ. കുഞ്ഞിരാമന്, എം. രാജഗോപാലന്‍, നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫസര്‍ കെ. പി ജയരാജന്, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, എ.ഡി.എം. എന്‍ ദേവി ദാസ,് റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്, ഡി.എം.ഒ. എ. വി രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു