ജയമോഹന്റെ കൊല: മകന് കുറ്റം സമ്മതിച്ചു; മദ്യപിക്കാന്‍ പണത്തിനായി വഴക്കിട്ടു, മോഷണവും നടന്നതായി സംശയം, ഇരുവരും പത്തുദിവസം തുടര്‍ച്ചയായി മദ്യപിച്ചു
ജയമോഹന് ലിവര്‍ സിറോസിസ് പ്രശ്നങ്ങളുണ്ട്. മദ്യശാലകള്‍ തുറന്നതിനു ശേഷം മേയ് 28 മുതല്‍ ഇരുവരും പത്തുദിവസത്തോളം തുടര്‍ച്ചയായി മദ്യപിച്ചുവെന്നും പറയുന്നു.
തിരുവനന്തപുരം: മുന്‍ രഞ്ജി താരം കെ.ജയമോഹന് തമ്പിയുടെ കൊലപാതകത്തില്‍ മകന് അശ്വിന് കുറ്റം സമ്മതിച്ചു. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് അശ്വിന് അച്ഛനുമായി വഴക്കിട്ടതായി ഫോര്‍ട്ട് സി.ഐ ബിജു കെ.എആര്‍ പറഞ്ഞു.
ജയമോഹന്റെ നെറ്റിയിലും തലയ്ക്കു പിന്നിലൂം മൂക്കിന്റെ പാലത്തിനും (നേസല്‍ ബോണ്‍) ഏറ്റ പരിക്കാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊലപാതകം എങ്ങനെ നടന്നുവെന്നതില്‍ വ്യക്തത വന്നിട്ടില്ല. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ജയമോഹനെ ആദ്യം ഇടിച്ചുവീഴ്ത്തി. എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചുവെന്നും അശ്വിന് പറയുന്നു.
അശ്വിനേയും മദ്യപിക്കാന്‍ ഒപ്പമുണ്ടായിരുന്ന അയല്‍വാസിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്യുകയാണ്. ഫോര്‍ട്ട്് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. താന്‍ മദ്യം വാങ്ങിക്കൊണ്ട് വന്നിരുന്നുവെന്ന് അയല്‍വാസി സതി പോലീസിനോട് പറഞ്ഞു. ജയമോഹനും മകനും തമ്മില്‍ സ്വത്ത് സംബന്ധിച്ച് വഴക്കുണ്ടായിരുന്നുവെന്ന് സതി മൊഴി നല്കി. സംഭവ ദിവസം മദ്യം ഒഴിച്ചുനല്കിയെങ്കിലും ഒരുമിച്ച് മദ്യപിച്ചിരുന്നില്ലെന്ന് സതി പറയുന്നു. ജയമോഹന് ലിവര്‍ സിറോസിസ് പ്രശ്നങ്ങളുണ്ട്. മദ്യശാലകള്‍ തുറന്നതിനു ശേഷം മേയ് 28 മുതല്‍ ഇരുവരും പത്തുദിവസത്തോളം തുടര്‍ച്ചയായി മദ്യപിച്ചുവെന്നും പറയുന്നു.
അതിനിടെ, വീട്ടില്‍ മോഷണം നടന്നതായും സംശയമുണ്ട്. ജയമോഹന് ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായതായി പറയപ്പെടുന്നു. ശനിയാഴ്ച രാവിലെ വീ്ട്ടിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തക ജയമോഹനെ കണ്ടിരുന്നു. തിങ്കളാഴ്ച കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നില്ല.
ഒന്നര വര്‍ഷമായി വീട്ടില്‍ പ്രശന്ങ്ങളുണ്ടെന്ന് വീട്ടുജോലിക്കാരി അനിത മാധ്യമങ്ങളോട് പറഞ്ഞു. ജയമോഹനും മകനും മദ്യപിച്ച ശേഷം വഴക്കിടാറുണ്ട് പണത്തേയും വാഹനത്തേയും ചൊല്ലിയാണ് വഴക്ക്. പരസ്പരം അടികൂടുന്ന സാഹചര്യവുമുണ്ടായിരുന്നുവെന്ന് അനിത പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതോടെ ജയമോഹനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിന്റെ മുകള്‍ നിലയില്‍ രണ്ട യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്നു.