മുഖ്യമന്ത്രിയുടെ പതിവു പത്ര സമ്മേളനം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായി; ശാരദക്കുട്ടി
കോവിഡ് കാലം തുടങ്ങിയതോടെ മുടങ്ങാതെ നടന്നിരുന്ന മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനും കുറച്ച് ദിവസങ്ങളായി കാണുന്നില്ല. ഇത് സംബന്ധിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായി ശാരദക്കുട്ടി. ഇപ്പോള്‍ രോഗവുമായും രോഗഭീതിയുമായും നാട്ടുകാര്‍ സമരസപ്പെട്ട് ജീവിതം തുടങ്ങി. ‘ശ്രദ്ധിക്കാം എന്നിട്ടും വരുന്നെങ്കില്‍ വരട്ടെ, അപ്പോള്‍ കാണാം’ എന്നൊരു മാനസികാവസ്ഥയിലേക്ക് എത്തി. രോഗവിവരങ്ങള്‍ കേട്ടിരിക്കുന്നതിലെ ആദ്യകാല ഉത്കണ്ഠകളും ഏറെക്കുറെ നീങ്ങി. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സുരക്ഷാ സംവിധായകരുടെയും കരുതലും ശ്രദ്ധയും സ്വയം ഓരോരുത്തരും ഏറ്റെടുത്താല്‍ മതി ഇനി.- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
മുഖ്യമന്ത്രിയുടെ പതിവു പത്ര സമ്മേളനം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായി. ഭീതി പങ്കിടുവാന്‍, അപ്പപ്പോള്‍ കാര്യങ്ങള്‍ വസ്തു നിഷ്ഠമായി അറിയുവാന്‍ ആ പത്രസമ്മേളനങ്ങള്‍ ആദ്യ സമയത്ത് ഒരു ആവശ്യമായിരുന്നു. അത്ര ഭീതിയിലായിരുന്നു നമ്മള്. മുന്നില്‍ നില്ക്കൊനൊരാള് വേണമായിരുന്നു. രോഗത്തിന്റെ ശൈശവ കാലം കഴിഞ്ഞു.
ഇതടുത്ത ഘട്ടമാണ്. കൈ പിടിച്ചു നടത്തി ഇതുവരെ. ഇനി, കൈ വിട്ട് തനിയെ നടക്കുകയാണ് ശീലിക്കേണ്ടത്. വീഴുമ്പോള്‍ താങ്ങാന്‍ ആളുണ്ടെന്ന ഉറപ്പവിടെയുണ്ട്. ദുരന്തകാലവുമായി പൊരുത്തപ്പെടുന്നതു വരെ കിട്ടിയത് വലിയ ധൈര്യമാണ്.
ഇപ്പോള്‍ രോഗവുമായും രോഗഭീതിയുമായും നാട്ടുകാര്‍ സമരസപ്പെട്ട് ജീവിതം തുടങ്ങി. ‘ശ്രദ്ധിക്കാം എന്നിട്ടും വരുന്നെങ്കില്‍ വരട്ടെ, അപ്പോള്‍ കാണാം’ എന്നൊരു മാനസികാവസ്ഥയിലേക്ക് എത്തി.
രോഗവിവരങ്ങള്‍ കേട്ടിരിക്കുന്നതിലെ ആദ്യകാല ഉത്കണ്ഠകളും ഏറെക്കുറെ നീങ്ങി. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സുരക്ഷാ സംവിധായകരുടെയും കരുതലും ശ്രദ്ധയും സ്വയം ഓരോരുത്തരും ഏറ്റെടുത്താല്‍ മതി ഇനി.
ഇനിയുമൊരു സാമൂഹ്യ വ്യാപനമോ ലോക് ഡൗണോ വന്നാലും നമുക്കറിയാം എങ്ങനെ നീങ്ങണമെന്ന്. പ്രാക്ടിക്കല്‍ ലാബില്‍ കൈ പിടിച്ച് ഡിസക്ഷന്‍ നടത്തിയിട്ട് അധ്യാപകന് ,സാവധാനം കരുതലോടെ പിന്നോട്ടു മാറി നിന്നു നിരീക്ഷിക്കുമ്പോലെ.