മലയാളികൾ മാസ്ക് വെയ്ക്കാൻ പരിശീലിച്ചു, ഇനി ചെവിയിൽ പഞ്ഞി വെച്ച് ജീവിക്കാനും പഠിക്കട്ടെ: സക്കറിയ
സക്കറിയയുടെ കുറിപ്പ്:
മതങ്ങളും ഉച്ചഭാഷിണികളും
വർധിച്ചു വരുന്ന നാഗരിക ശബ്ദകോലാഹലങ്ങൾക്ക് പോലും തകർക്കാനാവാത്ത ഒരു അടിസ്ഥാന പ്രശാന്തി കേരളജീവിതത്തിന്റെ ആധാരശിലയാണ്, വാസ്തവത്തിൽ ആ കോലാഹലങ്ങൾക്കുമുണ്ട് ഒരു ജീവിത താളം. മീൻ കാരന്റെ ഹോണടിയ്ക്ക് ഒരു ജീവിതവാസ്തവികതയുണ്ട്. എന്നാൽ അങ്ങ നെയല്ല ഉച്ചഭാഷിണിയുടെ ദുരുപയോഗം കേരളത്തിൽ സൃഷ്ടിക്കുന്ന അസഹനീയമായ അന്തരീക്ഷ മലിനീകരണം.
നിർദ്ദയമായ കടന്നുകയറ്റങ്ങളാണ് അത് മലയാളികളുടെ കൊച്ചു കൊച്ചു സമാധാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്.മൗലികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അത് കാറ്റിൽ പറത്തുന്നു. സാമൂഹിക ജീവിതത്തിലെ സാമാന്യമര്യാദകളെ ചവറ്റു കൊട്ടയിൽ എറിയുന്നു. മരണക്കി ടക്കയിലെ മനുഷ്യനെ, പരീക്ഷയ്ക്കൊ രുങ്ങുന്ന വിദ്യാർത്ഥിനിയെ, ഉറങ്ങാൻ പണിപ്പെടുന്ന രോഗിയെ, ഏകാഗ്രതയിൽ മുഴുകിയിരിക്കുന്ന ഗവേഷകനെ, അങ്ങനെ പതിനായിരങ്ങളെ സാമൂ ഹികവിരുദ്ധശക്തികൾ നിർബാധം ഉച്ചഭാഷിണികളുടെ ശബ്ദ പീഡനത്തിന് ഇരയാക്കികൊണ്ടേയിരിക്കുന്നു. കേരളത്തിലെ സാധാരണ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള ഏറ്റവും സംസ്കാരഹീനവും വ്യാപകവുമായ ആക്രമണം ഉണ്ടാകുന്നത് ഉച്ചഭാഷിണികളുടെ ദുരുപയോഗത്തിലൂടെയാണ്.
കേരളത്തിൽ രണ്ടു കൂട്ടർക്കാണ് ഉച്ചഭാഷിണി നിലനിൽപ്പിന്റെ ആയുധം : മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും. ഇരുവർക്കും അതൊരു ഫാസിസ്റ്റ് കരുവാ ണ്. പ്രഹരശേഷിയുള്ള ശബ്ദമുപയോഗിച്ചുള്ള നഗ്നമായ ബലപ്രയോഗമാണ് അവർ ഉച്ചഭാഷിണികളിലൂടെ നടപ്പിലാക്കുന്നത്. ശബ്ദം മനുഷ്യ ചരിത്രത്തിൽ അധികാരത്തിന്റെ ഏറ്റവും കുശാഗ്രമായ ഉപകരണങ്ങളിലൊന്നാണ്. ശബ്ദമുയർത്തൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കാ നുള്ള ഒന്നാമത്തെ മുറയാ ണ്. നിശ്ശബ്ദരാക്കാൻ മാത്രമല്ല, അനുസരിപ്പിക്കാനും. ഗർജ്ജനം സ്വേച്ഛാധിപതികൾ ജനങ്ങളെ മുട്ടുകുത്തിക്കുന്ന തന്ത്രങ്ങളിലൊന്നാണ്. ഹിറ്റ്ലറുടെ അലർച്ചകൾ ഓർക്കുക. ഇന്ത്യയിലെ ചിലരുടെ അലർച്ചകൾ കേൾക്കുക.
ആരാധനാലയങ്ങൾ തുറക്കുന്നതോടെ മലയാളികൾക്ക് ലോക് ഡൌൺ ദിവസങ്ങളിൽ ലഭിച്ച അഭൂതപൂർവമായ അന്തരീക്ഷപ്രശാന്തിയുടെ ഇടവേള അവസാനിക്കുകയാണ്. ആരാധനാലയങ്ങൾക്കൊപ്പം ഉച്ചഭാഷിണികൾ മടങ്ങി വരികയാണ്. മതം അതിനേപ്പറ്റിയുള്ള ഒരു മായാജാലം വിശ്വാസികളുടെ തലച്ചോറിൽ മുദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന ആസൂത്രിത വിദ്യകളിലൊന്നാണ് ഉച്ചഭാഷിണിയിലൂടെ അത് സൃഷ്ടിക്കുന്ന ശബ്ദ വിഭ്രാന്തി . മലയാളികളുടെ പ്രശാന്തങ്ങളായ പുലരികളിലേക്കും സായം സന്ധ്യകളിലേക്കും പാതിരകളിലേക്കു പോലും ഉച്ചഭാഷിണികൾ കൊണ്ട് ഊതിവീർപ്പിച്ച ശബ്ദ മാലിന്യം ഭക്തിഗാനം, ആത്മീയപ്രഭാഷണം എന്നെല്ലാമുള്ള പേരുകളിൽ മതങ്ങൾ അടിച്ചേൽപ്പിക്കുന്നു.