തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ആപ്പ്; കാസർഗോഡ് ജനറൽ ആശുപത്രിയിൽ നൂതന സംവിധാനം
app link :https://play.google.com/store/apps/details?id=opxyc.ghque
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തി. ജിഎച്ച്ക്യു എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇന്നു മുതൽ ടോക്കണുകൾ വിതരണം ചെയ്തു തുടങ്ങും.
കൊവിഡ് ചികിത്സകൾക്കു ശേഷം മറ്റു ചികിത്സാ സേവനങ്ങൾ പുനരാരംഭിച്ച കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് ആളുകളുടെ തിരക്കാണ്. ഇതിന് പരിഹാരമെന്നോളമാണ് വെർച്വവൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത്. എല്ലാ ദിവസവും 6 മുതൽ 8 മണി വരെ ടോക്കൺ നൽകും. ഓൺലൈനായി ടോക്കൺ ലഭിച്ചവർക്ക് അതിൽ നിർദേശിക്കുന്ന സമയത്ത് ജനറൽ ആശുപത്രി കൗണ്ടറിൽ എത്തി ഒ പി ടിക്കറ്റ് കൈപ്പറ്റാം. പിന്നീട് ഡോക്ടറെ കാണാം.
കാസർകോട് എൽ ബി എസ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളാണ് മൊബൈൽ ആപ്പ് തയാറാക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്ലിക്കേഷൻ ലഭ്യമാണ്. ആശുപത്രികളിലെ ആൾത്തിരക്കിന് പരിഹാരം കാണാൻ ജില്ലയിലെ മുഴുവൻ ആശുപത്രികളിലും വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതും ആരോഗ്യ വകുപ്പിൻ്റെ ആലോചനയിലുണ്ട്.
ഇന്നലെ സംസ്ഥാനത്ത് 91 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ എട്ട് പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഏഴ് പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.