കാസർകോട്: കഴിഞ്ഞ ഓഗസ്റ്റിലെ കനത്ത മഴയില്‍ വീട് നിലം പൊത്താനൊരുങ്ങിയപ്പോള്‍ ഭര്‍ത്താവിനെയും രണ്ട് പെണ്മക്കളെയും കൂട്ടി കാടങ്കോട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതായിരുന്നു ചെറുവത്തൂര്‍ കാരിയില്‍ കളത്തില്‍ വീട്ടില്‍ പത്മജ. മഴ കുറഞ്ഞാല്‍ എവിടേക്ക് തിരിച്ച് പോകുമെന്നത് പത്മജയ്ക്കും കുടുംബത്തിനും മുന്നില്‍ ചോദ്യ ചിഹ്നമായി അവശേഷിച്ചു. ആകെയുണ്ടായിരുന്ന ഒറ്റമുറി കോണ്‍ക്രീറ്റ് വീട് മഴയില്‍ ഭാഗികമായി തകര്‍ന്നതിന്റെ ഞെട്ടലില്‍ ആയിരുന്നു പത്മജയും കുടുംബവും. ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തിയ ജില്ലാകളക്ടര്‍ ഡോ ഡി സജിത്ബാബുവിന് മുന്നില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ പത്മജയുടെ ജീവിത പ്രയാസങ്ങള്‍ അവതരിപ്പിച്ചു. പത്മജയുടെ ജീവിത നൊമ്പരം കേട്ടറിഞ്ഞ കളക്ടര്‍ പത്മജയ്ക്ക് വീട് വെയ്ക്കാന്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അന്ന് കൊടുത്ത വാക്ക്, ഇന്ന് യഥാര്‍ത്ഥ്യമായി.നാളെ വൈകീട്ട് നാലിന് കാരിയിലെ കളത്തില്‍ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പത്മയ്ക്കും കുടുംബത്തിനും സ്നേഹ വീടിന്റെ താക്കോല്‍ കൈമാറും. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് സ്നേഹ വീട് യഥാര്‍ത്ഥ്യമാക്കുന്നതിന് കമ്പല്ലൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യത്തെ (1990-92) പ്ലസ്ടു ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകന് എ ജി നായരുടെ ഭാര്യ അഡ്വ. മണിയമ്മയും സമ്പത്തിക സഹായം നല്കി. രണ്ട് മുറികള്‍, ഒരു ഹാള്‍, അടുക്കള, ബാത്ത്റൂം എന്നിവ അടങ്ങുന്നതാണ് സ്നേഹവീട്.
പത്മജയുടെ ഭര്‍ത്താവ് എം രവീന്ദ്രന് സെക്യൂരിറ്റി ജീവനക്കാരനായും സെയില്‍സ്മാനായും ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഈ കുടുംബത്തിന്റെ ജീവിതം. ആര്യയും രേതു രവീന്ദ്രനുമാണ് ഇവരുടെ മക്കള്‍. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ ചെയര്‍മാനും വാര്‍ഡ് അംഗം ഒ വി നാരായണന് കണ്‍വീനറും ആയ കമ്മിറ്റിയാണ് സ്നേഹവീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്നേഹ വീടിന്റെ നിര്‍മ്മാണം നടക്കുന്ന സമയത്ത് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ചെറുവത്തൂര്‍ പഞ്ചായത്ത് ഇവര്‍ക്ക് താല്കാലികമായി താമസിക്കുന്നതിന് ഒരു വീട് സൗജന്യമായി ഏര്‍പ്പാടാക്കി നല്‍കിയിരുന്നു