എക്സൈസ് ഓഫീസില്‍ നിന്ന് 118 ലിറ്റര്‍ മദ്യശേഖരം കാണാതായ കേസ് : വിജിലന്‍സ് കണ്ടെത്തല്‍ ശരിയെന്ന് റിപ്പോര്‍ട്ട്
കാസര്‍കോട്: വിദ്യാനഗറിലുള്ള കാസര്‍കോട് എക്സൈസ് ഓഫീസില്‍ നിന്ന് മദ്യശേഖരം കാണാതായ സംഭവത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായി. നേരത്തെ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലുണ്ടായ കണ്ടെത്തല്‍ ശരിയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ് ബി. നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2019-20 വര്‍ഷത്തെ അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത തൊണ്ടിമുതല്‍ നഷ്ടപ്പെട്ടതായി വിശദീകരിക്കുന്നുണ്ട്.180 മില്ലി ലിറ്ററിന്റെ ഏതാനും ടെട്രോ പാക്കറ്റുകളും 500 മില്ലി ലിറ്റര്‍, ഒരു ലിറ്റര്‍ വീതം കൊള്ളുന്ന മദ്യകുപ്പികളുമാണ് കാണാതായത്.
റെയ്ഞ്ച് ഓഫീസില്‍ നിന്ന് മദ്യശേഖരം കാണാതായത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ വിജിലന്‍സ് ഡി. വൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. മൊത്തം 118 ലിറ്റര്‍ മദ്യം നഷ്ടപ്പെട്ടതായാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടറുടെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും ഉള്‍പ്പെടെ ഇരുപതോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൈകാതെ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.