കോവിഡിനിടയിലെ ക്ഷേത്രദർശനം ശബരിമലമോഡൽ സുവർണ്ണാവസരമാക്കാൻ ഹിന്ദുഐക്യവേദിയും ബി.ജെ.പിയും ,മഹാമാരിക്കിടയിലും രാഷ്ട്രീയ രംഗം പ്രക്ഷുബ്ധമാകും.
കോവിഡ് മഹാമാരി കേരളത്തിനേൽപ്പിച്ച കനത്തആഘാതങ്ങൾക്കിടയിൽ സർക്കാരും ഹിന്ദുത്വ സംഘടനകളും വൻ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് ഉറപ്പാക്കുന്ന സൂചനകൾ സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് പ്രകടമായി.കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം നാളെ വീണ്ടും ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും തുറക്കാനിരിക്കെ ഇതൊരു രാഷ്ട്രീയ വിവാദമാക്കാൻ പ്രതിപക്ഷവും ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും ഒരുങ്ങി പുറപ്പെട്ടുകഴിഞ്ഞു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധത്തിൽ ലോകമാതൃക സൃഷ്ടിച്ചതിൽ പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഉണ്ടായ തീർത്താൽ തീരാത്ത ക്ഷീണവും പരാജയവും മറികടക്കാനാണ് മഹാമാരിക്കിടയിൽ ക്ഷേത്രദർശനക്കാർഡിറക്കി സംസ്ഥാനത്ത് അലമ്പുണ്ടാക്കാൻ പദ്ധതിയിടുന്നത്..
കേരളത്തിൽ കോവിഡ് മൂർച്ഛിച്ച ഘട്ടത്തിൽ ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട ഹിന്ദുത്വ സംഘമാണ് ഇപ്പോൾ അമ്പലങ്ങൾ അടച്ചിടണമെന്ന് ആവശ്യമുയർത്തി രാഷ്ട്രീയ മലക്കംമറിച്ചിൽ നടത്തിയത്.ഇവരുടെ ഈ ഗൂഢോദ്ദേശ്യം ഇതിനകം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എൻ.വാസുവും ഇന്ന് ഒരു പ്രസ്താവനയിലൂടെ തുറന്നുകാട്ടിയിട്ടുണ്ട്.സർക്കാരിന്റെ കോവിഡ് പ്രതിരോധം മുന്നേറുമ്പോൾ കച്ചവടം മുട്ടിയ ഹിന്ദുത്വ സംഘം ഈ മഹാമാരിക്കാലത്ത് പിണറായി സർക്കാരിനെതിരെ ഏതറ്റം വരെയും പോയേക്കും.ഇല്ലെങ്കിൽ ആസന്നമായ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിലും സ്വന്തം അണികളെ പിടിച്ചുനിർത്താൻ വല്ലാതെ വിയർക്കേണ്ടിവരും .കോവിഡ് കാലത്ത് സി.പി.എമ്മും മറ്റും ചിട്ടയാർന്ന പ്രവർത്തനം നടത്തുമ്പോൾ ഒന്നും ചെയ്യാനാകാതെ മാധ്യമ ശ്രദ്ധ മുൻനിർത്തിയുള്ള വാചകമടി മാത്രമാണ് പ്രതിപക്ഷവും ബി.ജെ.പിയും നടത്തുന്നത്.അതിനിടയിലാണ് ഇപ്പോൾ ആരാധനാലയ ദർശന വിഷയം ഇവർക്ക് വീണുകിട്ടിയത്.ഈ അവസരം ശബരിമല മോഡൽ സുവർണ്ണാവസരം ആക്കിയില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരുമെന്ന തിരിച്ചറിവും കൂടിയാണ് ബി.ജെ.പിയെ പുതിയ സമരവുമായി രംഗത്തിറങ്ങാൻ നിര്ബന്ധിതമാക്കുന്നത്.ഇതിന് അവർ ചില സാമുദായിക സംഘടനകളെയും കൂട്ടുപിടിക്കുമെന്നുറപ്പാണ് .കോവിഡ് കാലത്ത് കേരളത്തിലെ സാമുദായിക സംഘടനകൾ പ്രത്യേകിച്ച് ഹിന്ദുക്കളിലെ ജാതി സംഘടനകൾ കൂർക്കം വലിച്ച് ഉറക്കത്തിലാണ്.ഇവരെ തട്ടിയുണർത്തുന്നതിനുള്ള നീക്കവും ഹിന്ദുത്വ അജണ്ടയിലുണ്ട്.
പ്രതിപക്ഷത്താകട്ടെ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളിയും നടത്തിയ ആക്രോശങ്ങളോട് കേരളീയ പൊതുസമൂഹം വലിയതോതിൽ പ്രതികരിച്ചിട്ടില്ല.കമ്മ്യൂണിസ്റ് വിരുദ്ധ മാധ്യമശക്തികളെ കൂട്ടുപിടിച്ചുള്ള കോലാഹലങ്ങൾ മാത്രമാണ് പ്രതിപക്ഷം തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.ഇത് പലപ്പോഴും ജനങ്ങൾക്കുമുന്നിൽ അപഹാസ്യമായി ചരമമടയുകയാണ് ചെയ്യുന്നത്.പ്രതിപക്ഷം സർക്കാരിനെതിരെ ദിനേന തൊടുത്തുവിടുന്ന ആരോപണങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് പോലുമില്ലാതാകുന്ന കാഴ്ചയാണ് കേരളം കാണുന്നത്.വടക്കൻ ജില്ലകളിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങൾ മാത്രമാണ് ഇവിടെ പ്രതിപക്ഷത്തിന്റെ ആകെയുള്ള കൈമുതൽ.ലീഗിലെ ഈ നാടകങ്ങളും ഇപ്പോൾ അപഹാസ്യമായിക്കഴിഞ്ഞു.മസ്ജിദുകൾ തുറക്കുന്ന കാര്യത്തിൽ പാണക്കാടും പണ്ഡിത സമൂഹവും ഒരുപക്ഷത്തും മുസ്ലിം ലീഗ് നേതൃത്വം എതിര്പക്ഷത്തുമാണ്.ആരാധനാലയങ്ങൾ തുറക്കാനുള്ള കാര്യത്തിൽ സർക്കാർ ലീഗിനെ അടുപ്പിക്കാതെ മുസ്ലിം സംഘടനകളെ മാത്രം വിളിച്ചു കാര്യങ്ങൾ തീരുമാനിച്ചതിൽ ലീഗിന് കടുത്ത അമര്ഷമുണ്ട്.കാന്തപുരത്തെയും ബദ്ധവൈരികളായ ഇ.കെ.വിഭാഗത്തെയും ഒരുമേശക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതിലും ലീഗിന് എതിർപ്പുണ്ട്.മുസ്ലിം സമസ്തകളാകട്ടെ കോവിഡ് കാലത്ത് പിണറായിക്ക് അതിരറ്റ പിന്തുണയാണ് നൽകിവരുന്നത്.ഇത് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സംസ്ഥാനത്ത് പുതിയ പിണറായി അനുകൂല തരംഗം സൃഷ്ടിക്കുമെന്നും ലീഗ് ഭയപ്പെടുന്നുണ്ട്.അതിനിടെ ലീഗിലെ ചില പോഷക സംഘടനകൾ പിണറായി വിജയനെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ അനുചിതമാണെന്നും ആശാസ്യമല്ലെന്നും അതിരുവിടുന്നതുമാണെന്നും വിലയിരുത്തലുണ്ട്.
സ്പെഷ്യൽ റിപ്പോർട്:
കെ .എസ് .ഗോപാലകൃഷ്ണൻ.