കാസർകോട് : ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ദിവസം കൊണ്ട് (ജൂണ്‍6,7) പിടികൂടിയത് 105 ലിറ്റര്‍ വാഷും 17.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 500 ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമാണ്. വിവിധ കോട്പാ കേസുകളില്‍ ഫൈനായി 1600 രൂപയും ഈടാക്കി. ഒരു സ്കൂട്ടിയും പിടിച്ചെടുത്തു.
ബന്തടുക്ക റെയിഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍ എ.ബി അബ്ദുള്ളയും സംഘവും നടത്തിയ പരിശോധനയില്‍ കാസര്‍കോട് താലൂക്കിലെ കൊളത്തൂര്‍ വില്ലേജില്‍ മുന്തന് ബസ്സാര്‍ കോളനിയില്‍ നിന്ന് 75 ലിറ്റര്‍ വാഷ് പിടികൂടി. ഗോപാലന് എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. വെള്ളരിക്കുണ്ട് താലൂക്കില്‍ എളേരി വില്ലേജില്‍ നാട്ടക്കല്ലില്‍ പ്രിവന്റീവ് ഓഫീസര്‍ നാരായണനും സംഘവും നടത്തിയ പരിശോധനയില്‍ 30 ലിറ്റര്‍ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു.
ബന്തടുക്ക റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എ ബി അബ്ദുള്ളയും സംഘവും നടത്തിയ പരിശോധനയില്‍ കരിവേടകം മൂടംകയത്തു നിന്ന് ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പടിച്ചെടുത്ത് സന്തോഷ് ജോസഫ് എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. കാസര്‍കോട് നഗരസഭയിലെ ബിരന്ത് വയലില്‍ രെയില്വെ ട്രാക്കിന് സമീപത്തു കാസര്‍കോട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ രമേശും സംഘവും നടത്തിയ പരിശോധനയില്‍ 8.64 ലിറ്റര്‍ കര്‍ണ്ണാടകാ മദ്യം കണ്ടെടുത്തു.
രണ്ട് ദിവസങ്ങളിലായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ നാല് അബ്കാരി കേസുകളും 11 കോട്പാ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ അറിയിച്ചു.