കാസർകോട് : കോവിഡ് കാലത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികള്‍ക്ക് ടോക്കണ്‍ ലഭ്യമാക്കുന്നതിനും വെര്‍ച്യൂല്‍ ക്യൂ മൊബൈല്‍ ആപ്പ് തയ്യാര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് വേണ്ടി പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് ജിഎച്ച്ക്യൂ എന്ന് പേരിട്ട മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു ആപ്പ് പുറത്തിറക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടോക്കണുകള്‍ ഈ മൊബൈല്‍ ആപ്പ് വഴി നാളെ(ജൂണ്‍10)മുതല്‍ ലഭിക്കും. ടോക്കണ്‍ ബുക്കിങ് എല്ലാദിവസവും രാവിലെ ആറുമുതല്‍ എട്ടുവരെയായിരിക്കും. ഓണ്‍ലൈനായി ടോക്കണ്‍ ലഭിച്ചവര്‍ക്ക്, അതില്‍ നിര്‍ദേശിച്ച സമയത്ത് ജനറല്‍ ആശുപത്രി കൗണ്ടറില്‍ എത്തി ഒ പി ടിക്കറ്റ് കൈപ്പറ്റി, ഡോക്ടറെ കാണാന്‍ സാധിക്കും. ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സാധാരണ രീതിയില്‍ ആശുപത്രിയില്‍ എത്തി ഒപി ടിക്കറ്റ് എടുക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ രാജാറാം പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് http://tiny.cc/ghque എന്ന ലിങ്ക് വഴി ഈ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പില്‍ മലയാളം, ഇംഗ്ലീഷ്, കന്നട ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാണ്.
എല്‍ ബി എസ് എന്‍ജിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ കെ ബി അക്ഷയ്, ബോണി ഇമാനുവല്‍, റെണാള്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജാറാം, ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ കെ ബി പ്രീമ, ഡോ സുരേഷ്, എല്‍ ബി എസ് എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഷുക്കൂര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ബി സ്വരാജ് കുമാര്‍, കോളേജ് പിടിഎ സെക്രട്ടറി അജയന് പനയാല്‍, കെ ബി അക്ഷയ് എന്നിവര്‍ സംബന്ധിച്ചു.