ലോക്ഡൗണ്‍ ലംഘനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ മഞ്ചേശ്വരം മുൻ ഏരിയാ സെക്രട്ടറി ക്കെതിരെ നടപടി
കാസര്‍കോട്: കൊറോണ പ്രതിരോധ നിരീക്ഷണത്തില്‍ കഴിയുന്നതില്‍ വീഴ്ച വരുത്തിയതിന് സി.പി.എം ഏരിയാകമ്മിറ്റിയംഗത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശാസിച്ചു. സി.പി.എം മഞ്ചേശ്വരം ഏരിയാകമ്മിറ്റിയംഗവും മുന്‍ ഏരിയാസെക്രട്ടറിയുമായ അബ്ദുള്‍ റസാഖ് ചിപ്പാറിനെയാണ് നീലേശ്വരം ഏരിയാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗമാണ് ശാസിച്ചത്.നടപടി നേതൃത്വം പരസ്യപ്പെടുത്തി.
മെയ് നാലിന് മഹാരാഷ്ട്രയില്‍ നിന്ന് ചരക്കുലോറിയില്‍ നിയമവിധേയമല്ലാതെ അതിര്‍ത്തികടന്നെത്തിയ അടുത്ത ബന്ധുവിനെ സ്വീകരിക്കുകയും നിരീക്ഷണത്തില്‍ കഴിയേണ്ടതിന് പകരം പുറത്തിറങ്ങുകയും ചെയ്തതിന്റെ പേരിലാണ് നേതാവിന് പാര്‍ട്ടി യോഗത്തില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. നാട്ടിലെത്തിയ ശേഷം മെയ് 11നാണ് അബ്ദുള്‍ റസാഖിന്റെ ബന്ധുവായ പൈവളിഗെയിലെ അമ്പത്തൊന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നിരീക്ഷണത്തിലായ അബ്ദുള്‍ റസാഖിനും പൈവളിഗെ പഞ്ചായത്തംഗം കൂടിയായ ഭാര്യയ്ക്കും പതിനൊന്നും എട്ടും വയസുള്ള മക്കള്‍ക്കും മൂന്നാം ദിവസം രോഗം സ്ഥിരീകരിച്ചു. ഈ കാലയളവില്‍ നേതാവ് മൂന്നുതവണ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടത്തെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്റേ മുറി എന്നിവിടങ്ങളിലും അദ്ദേഹം പ്രവേശിച്ചു.
ജില്ലാ ആസ്പത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും അതേദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അബ്ദുള്‍റസാഖിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലെ അര്‍ബുദ രോഗ ചികിത്സാവിഭാഗം അടച്ചിടുകയും രണ്ട് ഡോക്ടര്‍മാര്‍ അടക്കം 20 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകുകയും ചെയ്തിരുന്നു. ജില്ലാ ആസ്പത്രിയിലുള്ള ഏക അര്‍ബുദ രോഗവിദഗ്ധന് നിരീക്ഷണത്തില്‍ പോയതോടെ ഈ ചികിത്സാവിഭാഗം അടച്ചിടേണ്ടിവന്നത് രോഗികളുടെ ദുരിതം വര്‍ധിപ്പിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിക്ക് തീരുമാനമെടുത്തത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുള്‍ റസാഖും കുടുംബവും പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗവിമുക്തി നേടിയത്.