മാഹിയിലെ അലൈന്‍മെന്റിന് മാറ്റം: ഹൈസ്പീഡ് റെയില്‍ പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരമായി
പേര്‍ക്ക് സഞ്ചരിക്കാവുന്ന 9 കോച്ചുകള്‍ ഉള്ള യൂണിറ്റായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഒന്‍പത് കോച്ചുകള്‍ എന്നത് 12 മുതല്‍ 15 വരെയായി വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും.
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്കി. മാഹിയിലൂടെ കടന്ന് പോകുന്ന അലൈന്മെന്റില് മാറ്റം വരുത്തിയിട്ടുണ്ട്. പകരം നിലവിലെ റെയില്‍പ്പാതക്ക് സമാന്തരമായിട്ടായിരിക്കും ആ ഭാഗത്ത് ഹൈ സ്പീഡ് റെയില്‍ കടന്നു പോവുക.
മാഹിയിലൂടെ കടന്ന് പോകുന്ന ആദ്യ ആലൈന്മെന്റിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാറ്റം വരുത്തിയത്. ഹൈസീപിഡ് റെയില്‍ പദ്ധതി മാഹിയെ രണ്ടായി മുറിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ റെയില്‍ ട്രാക്കിന് സമാന്തരമായി തന്നെ ഹൈ സ്പീഡ് ലൈനും നിര്‍മിക്കാന്‍ തീരുമാനിച്ചത്. മാഹിയെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി മുതല്‍ ധര്‍മടം വരെയുള്ള പ്രദേശങ്ങളിലായിരിക്കും അലൈന്മെന്റില് മാറ്റം വരുത്തുക.
പതിനാല് കിലോമീറ്റര്‍ അകലത്തില്‍ തുരങ്കങ്ങളും പത്ത് കിലോമീറ്റര്‍ അകലത്തില്‍ പാലങ്ങളും സെമി ഹൈ സ്പീഡ് പദ്ധതിക്കായി നിര്‍മിക്കേണ്ടി വരും. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതിയുടെ പണികള്‍ പൂര്‍ത്തിയാക്കാമെന്ന് ഡി പി ആറില്‍ പറയുന്നു.
675 പേര്‍ക്ക് സഞ്ചരിക്കാവുന്ന 9 കോച്ചുകള്‍ ഉള്ള യൂണിറ്റായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഒന്‍പത് കോച്ചുകള്‍ എന്നത് 12 മുതല്‍ 15 വരെയായി വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിയുടെ ആകെ ചെലവ് 64,000 കോടി രൂപയാണ്. ഇതില്‍ 40,000 കോടി രൂപയോളം വായ്പയായി കണ്ടെത്തണം.
പത്ത് സ്റ്റോപ്പുകളാണ് നിര്‍ദ്ദിഷ്ട 530 കിലോമീറ്റര്‍ റെയില്‍പാതയില്‍ ഉള്ളത്. പദ്ധതിയുടെ തുടക്കത്തില്‍ 36 സര്‍വീസുകളാണ് ഉദ്ദേശിക്കുന്നതെന്നും ഡി പി ആറില്‍ പറയുന്നു. സെമി ഹൈ സ്പീഡ് പദ്ധതിയുടെ വര്‍ക്ക്ഷോപ്പ് കൊല്ലത്തും ഇന്സ്പെക്ഷന് ഡിപ്പോ കാസര്കോട്ടുമായിരിക്കും സ്ഥാപിക്കുക.