ലോകത്ത് സാമൂഹ്യവ്യാപനത്തിന് തുടക്കമിട്ടത് ആരാധാനാലയങ്ങളിലൂടെ, പള്ളികള്‍ ഉടന്‍ തുറക്കരുത്’ ; ബിഷപ്പിന് കത്ത് നല്കി അങ്കമാലി അതിരൂപത
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ തുറക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിശ്വാസികളുടെ സംഘടന. രണ്ടാഴ്ച കൂടി പള്ളികള്‍ തുറക്കരുതെന്ന് കാണിച്ച് അതിരൂപത സംരക്ഷണ സമിതി ബിഷപ്പിന് കത്തു നല്കി.
അങ്കമാലി അതിരൂപതയിലാണ് പള്ളികള്‍ തുറക്കുന്നതിനെ എതിര്‍ത്തു കൊണ്ട് വിശ്വാസികള്‍ രംഗത്തെത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലാണ് ഇപ്പോള്‍ വിശ്വാസികള്‍ പള്ളികള്‍ ഉടന്‍ തുറക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നല്കുന്ന മാര്‍ഗനിര്‍ദേശമനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മാര്‍ഗ രേഖയനുസരിച്ച് പള്ളികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്നാണ് വിശ്വാസികളുടെ സംഘടന വ്യക്തമാക്കുന്നത്.
അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി പള്ളികള്‍ തുറക്കാതെ നോക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടന എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിന് കത്തു നല്‍കിയിരിക്കുന്നത്.
ലോകത്ത് കൊവിഡ് 19 സാമൂഹ വ്യാപനത്തിന് തുടക്കമിട്ടത് ആരാധനാലയങ്ങളിലൂടെയാണെന്ന് അതിരൂപത പ്രതിനിധി ഷൈജു ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നതാണെന്നും അ്ദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘ലോകത്ത് കൊവിഡ് 19 സാമൂഹ വ്യാപനത്തിന് തുടക്കമിട്ടത് ആരാധനാലയങ്ങളിലൂടെയാണ്. ഇത് വലിയ ആശങ്കകള്‍ക്ക് വഴിവെക്കുന്ന ഒന്നാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ആരാധനാലയങ്ങള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്,’ ഷൈജു ആന്റണി പ്രതികരിച്ചു.
കത്തിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫൊറോന വികാരിമാരുടെ യോഗം ചേര്‍ന്നിട്ടുണ്ട്. 16 ഫൊറോനകളാണ് ഇതിന് കീഴിലുള്ളത്. ഇവരുമായി ഓണ്‍ലൈനായി യോഗം വിളിച്ചിട്ടുണ്ട്. ഭൂരിപക്ഷ ഇടവകകളും പള്ളികള്‍ ഉടന്‍ തുറക്കുന്നതില്‍ ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോഴിക്കോട് മുഹിയുദ്ദീന് പള്ളിയും തിരുവനന്തപുരം പാളയം പള്ളിയും ഉടന്‍ തുറക്കില്ലെന്ന് തീരുമാനം എടുത്തിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിനാല്‍ പള്ളി അനിശ്ചിത കാലത്തേക്ക് തുറക്കുന്നില്ലെന്ന് കോഴിക്കോട് പാളയം മുഹ്യുദ്ദീന്‍ പള്ളി പരിപാലന കമ്മറ്റി അറിയിച്ചു.
നേരത്തെ സംസ്ഥാനത്ത് ജൂണ്‍ 8 ന് ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ നടപ്പിലാക്കേണ്ട നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചിരുന്നു. ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു
വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. പായ വിരിപ്പ് എന്നിവ പ്രാര്‍ത്ഥനക്ക് എത്തുന്നവര്‍ കൊണ്ടുവരണം. ഭക്തിഗാനങ്ങള്‍ പാടുന്നതിന് പകരം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തിലെത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം അതേപടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.