‘നിയമസംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം’;വനിതാ കമ്മീഷന് അധ്യക്ഷയെ തള്ളി കോടിയേരി
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെ തള്ളി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നും കോടിയേരി പറഞ്ഞു.
” എല്ലാവരും നിയമത്തിന് വിധേയരാണ്. പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനം. പാര്‍ട്ടിക്കുള്ളിലെ പരാതിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. നിയമസംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം,” കോടിയേരി പറഞ്ഞു.
പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസുമാണ് എന്ന ജോസഫൈന്റെ പരമാര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രംഗത്തെത്തിയത്. പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ പ്രതികരിക്കവേ ആയിരുന്നു ജോസൈഫന്റെ പരാമര്‍ശം.
പി. കെ ശശിക്കെതിരെ പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞെന്നും പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാരി പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന് പറഞ്ഞിരുന്നു.
സി.പി.ഐ.എം കോടതിയും പൊലീസുമെന്നത് കമ്മീഷന്റെ നിലപാടല്ലെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍ നേരത്തെ പ്രതികരിച്ചിരുന്നു.