ഉണ്ണിത്താൻ ഉദ്ഘാടനത്തിന് പണം വാങ്ങുന്നുവെന്ന്,ഗുരുതര ആരോപണവുമായി സിപിഎം മുഖപത്രം നാണംകെട്ട് ഡിസിസി യും നേതാക്കളും
കാസർകോട് :കാസർകോട്ട് വന്നിറങ്ങിയത് മുതൽ വിവാദക്കുരുക്കിൽ അമരുന്ന കോൺഗ്രസ്സ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി.വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് സ്വകാര്യ വിദ്യാഭ്യാസ കച്ചവട ഏജൻസികൾക്ക് കൈമാറാൻ ശ്രമിച്ചതിന് പുറമെ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വകാര്യ പരിപാടികളുടെ ഉദ്ഘാടനത്തിന് ഇടനിലക്കാർ വഴി പണം വാങ്ങുന്നുവെന്ന ആരോപണവും ജില്ലയിലെ കോൺഗ്രസിൽ പുകയുന്നുവെന്നാണ് ഇന്ന് പാർട്ടി മുഖപത്രത്തിൽ വാർത്ത.
വാർത്തയിൽനിന്ന്: കാഞ്ഞങ്ങാടെ ഒരു സ്ഥാപനത്തിൽ നിന്ന് ഉദ്ഘാടനത്തിന് പണം വാങ്ങിയത് പുറത്തായതോടെയാണ് മറ്റ് പലരിൽ നിന്നുമായി വൻ തുക വാങ്ങിയത് ചർച്ചയായത്. കോവിഡ് കാലത്ത് കിറ്റുകൾ നൽകാനെന്ന പേരിൽ പിരിച്ച പണം എവിടെയെന്ന് ചോദ്യവും ഉയരുന്നുണ്ട്. എംപിയുടെ പേരിൽ കിറ്റുകൾ നൽകാൻ വ്യാപകമായി പണം പിരിച്ചു താൽപര്യമുള്ള എതാനുമാളുകൾക്ക് മാത്രമേ നൽകിയുള്ളൂ വെന്നാണ് ആരോപണം.തങ്ങളുടെ പ്രദേശങ്ങളിൽ എംപിയുടെ സഹായമെത്താത്തതാണ് മറ്റ് നേതാക്കളെ പ്രകോപിപ്പിച്ചത്. കാഞ്ഞങ്ങാട്ടാണ് ഈ പ്രശ്നവും ആദ്യം പൊങ്ങിവന്നത്.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഡാറ്റ സ്വകാര്യ വിദ്യാഭ്യാസ ഏജൻസികൾക്ക് കൈമാറാൻ പണം വാങ്ങിയ സംഭവത്തിൽ ഉണ്ണിത്താനൊപ്പമുള്ളവർ തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തിരിക്കുകയാണ്. വിദ്യാർഥികൾക്ക് ആശംസഅറിയിക്കാൻ എന്ന് പറഞ്ഞാണ് സ്കൂളുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചത്. എന്നാൽ കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾക്ക് വിവരം നൽകി വൻ തുക കമീഷനടിക്കാനുള്ള ശ്രമമാണ് നടന്നത്. പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത ഡാറ്റ നൽകിയില്ല എന്ന് കോട്ടയത്തുള്ള ഏജൻസി പരാതിപ്പെട്ടപ്പോഴാണ് ഇത് പുറത്തറിയുന്നത്.