റിയാദ്: കൊവിഡ് ഭീതിജനകമാംവിധം പടരുന്ന സാഹചര്യത്തില്‍ സൗദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. നിലവിലെ കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ശനിയാഴ്ച്ച മുതല്‍ ജൂണ്‍ 20 വരെ വൈകീട്ട് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം.
പള്ളികള്‍ വീണ്ടും അടക്കുമെന്നും മറ്റു നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല. വിമാനങ്ങളും ട്രെയിനും റോഡ് ഗതാഗതവും തുടരുമെന്നും കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ജിദ്ദക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടിയാല്‍ നടപടിയുണ്ടാകും.
ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച ജിദ്ദയില്‍ 459 പുതിയ വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ജിദ്ദ നഗരിയില്‍ മാത്രം ഇതിനകം 16,292 വൈറസ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 11,941 രോഗികള്‍ രോഗമുക്തി നേടിയെങ്കിലും 213 പേര് മരണത്തിനു കീഴടങ്ങിയതായാണ് സഊദി ആരോഗ്യ മന്ത്രാലയ കോവിഡ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റിയാദിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. റിയാദില്‍ സ്വീകരിക്കേണ്ട നടപടി ആലോചനയിലാണ്. ബാക്കി നഗരങ്ങളിലും കാര്യങ്ങള്‍ സ്ഥിതിഗതി നോക്കി തീരുമാനിക്കും.