ചരിത്രത്തിലെയും വര്‍ത്തമാനത്തിലേയും തെളിവുകള്‍ ഉപേക്ഷിച്ച് ഫോട്ടോ ഓപ്പുകള്‍ നടത്തിക്കുന്നതിലേക്ക് ഒരു മുസ്ലീം സംഘടനയെ എത്തിക്കുന്നതില്‍ സംഘപരിവാരം വിജയിച്ചിരിക്കുന്നു. മുനവറലി തങ്ങള്‍ നടുന്ന തൈയ്ക്ക് എമ്പ്രാന്തിരി വെള്ളമൊഴിച്ചാല്‍ തീരുന്നതല്ല, സംഘപരിവാര തണലില്‍ വളരുന്ന ഇസ്ലാമോഫോബിയ,അഴിമുഖം വാര്‍ത്ത വൈറലാകുന്നു
അഴിമുഖം വാർത്തയുടെ പൂർണ രൂപം
കേരളത്തില്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനം മുഖ്യധാരയിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ ബാലഗോകുലത്തിന്റെ ശോഭായാത്ര വഹിച്ച പങ്ക് ചെറുതല്ല. ശ്രീകൃഷ്ണന്റെ ജന്മദിനമായി വിശ്വാസികള്‍ കരുതുന്ന അഷ്ടമിരോഹിണി ദിവസം പിഞ്ചു കുട്ടികളെ കൃഷ്ണനായും രാധയായും ഗോപികമാരായുമൊക്കെ ചായം തേച്ച് റോഡിലൂടെ നടത്തിക്കുന്ന പരിപാടി കേരളത്തിലെ മാധ്യമങ്ങളും മറ്റും വലിയ പ്രധാന്യത്തോടെ കൊടുത്തു തുടങ്ങി. സംഘപരിവാര്‍ സംഘടനയാണ് ഈ വേഷം കെട്ടിക്കലിന് പിന്നിലെന്ന് അറിയാഞ്ഞല്ല കേരളത്തിന്റെ മധ്യവര്‍ഗ മുഖ്യധാര ആ പരിപാടിക്ക് നമസ്തെ പറഞ്ഞത്. കേരളത്തിലെ റോഡുകള്‍ കൃഷ്ണനും ഗോപികമാരും കീഴടക്കി എന്ന മട്ടിലുള്ള തലക്കെട്ടുകള്‍ ഒന്നാം പേജുകളില്‍ ആവര്‍ത്തിച്ചു. അതിനെ സംഘപരിവാറിന്റെ പരിപാടിയായി മാത്രം അവതരിപ്പിച്ചാല്‍ പോരായിരുന്നു. മുഖ്യധാരയില്‍ ഇടം കിട്ടാന്‍ അതിന് ഒരു മതേതരത്വ ഇമേജ് വേണം. അതും വന്നു. പര്‍ദ്ദയിട്ട സ്ത്രീ, കൃഷ്ണനായി വേഷം കെട്ടാന്‍ നിന്നുകൊടുക്കേണ്ടി വന്ന ഒരു കുട്ടിയെ കൈപിടിച്ച് നടത്തുന്നതായിരുന്നു ആ പടം. അത്തരത്തിലുള്ള പടങ്ങള്‍ പിന്നീട് ഹിന്ദു – മുസ്ലീം മൈത്രിയെക്കുറിച്ച് പറയുന്ന എല്ലായിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഹിന്ദു എന്നത് വളരെ എളുപ്പത്തില്‍ സംഘപരിവാരം കെട്ടിക്കൊടുക്കുന്ന ഒരു വേഷത്തില്‍ പ്രതീകവത്ക്കരിച്ചു. ബാലഗോകുലവും ശോഭായാത്രയും വളരെ സ്വാഭാവികമായി സ്വീകരിക്കപ്പെട്ടു.
എന്തിന്, അത്തരം ഒരു പരിപാടി നടത്തിയില്ലെങ്കില്‍ കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന നിലപാടില്‍ വിപ്ലവ പാര്‍ട്ടിയും ഇടക്കാലത്ത് എത്തി. ഇതാണ് സംഘപരിവാറിന്റെ ഒരു വിജയം. അവരുടെ ആശയങ്ങളെ ഫലപ്രദമായി സമൂഹത്തിലേക്ക് നിശബ്ദമായി കടത്തിവിടാന്‍ പറ്റുന്ന ഒരു അന്തരീക്ഷം ഇന്ത്യയിലുണ്ടെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അതില്‍ വിജയിക്കാനും അവര്‍ക്ക് കഴിയും. ഇത് ബാലഗോകുലത്തിന്റെ പരിപാടിയില്‍ മാത്രം കണ്ടതല്ല; ബാബ്റി മസ്ജിദ് പൊളിക്കാന്‍ സംഘപരിവാര്‍ തയ്യാറായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇത് പ്രകടമായി പുറത്തുവന്നത്. തര്‍ക്കം തീര്‍ക്കാന്‍ അവിടെ പള്ളിക്കൊപ്പം അമ്ബലവും നിര്‍മ്മിക്കുവെന്നും അതല്ല, ഹിന്ദു – മൂസ്ലിം മൈത്രിക്കായി ഒരു സാംസ്ക്കാരിക കേന്ദ്രമാണ് നല്ലതെന്നും ചില നിഷ്കളങ്കര്‍ അന്ന് പറഞ്ഞിരുന്നു. ഒരു ആരാധനാലയം ഇല്ലാതായാല്‍ എന്താണ് ഈ ആധുനിക സമൂഹത്തില്‍ പ്രശ്നം എന്ന നിഷ്കളങ്കതയായിരുന്നു ചില ലിബറലുകള്‍ക്ക്. ബാബ്റി പള്ളിക്കെതിരായ ആക്രമണം എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമാണെന്നും അതുകൊണ്ട് തന്നെ പള്ളി ഏത് വിധേനയും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധത്തിലേക്ക് അവര്‍ എത്തിയിരുന്നില്ല. അവര്‍ ബാബ്റി പള്ളിയെ തര്‍ക്ക മന്ദിരമെന്ന് വിളിച്ചു. പിന്നീട് സംഘപരിവാറിന് കാര്യങ്ങള്‍ എളുപ്പമായി.
ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം, പരിസ്ഥിതി ദിനത്തില്‍ പുറത്തുവന്ന ചിത്രമാണ്. മലപ്പുറത്തെ ത്രിപുരാന്തക ക്ഷേത്രവളപ്പില്‍ മുസ്ലീം ലീഗ് നേതാവ് മുനവറലി തങ്ങള്‍ ഒരു വൃക്ഷത്തൈ നട്ടതാണ് ചിത്രം. അദ്ദേഹം വൃക്ഷത്തൈ നടന്നു, ക്ഷേത്രത്തിലെ പൂജാരി മണികണ്ഠന് എമ്ബ്രാന്തിരി വെള്ളമൊഴിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പരിസ്ഥിതി ദിവസങ്ങളില്‍ ഇത്തരമൊരു മരംനടല്‍ പരിപാടി നടന്നതായി അറിഞ്ഞിട്ടില്ല. അപ്പോള്‍ ഇത്തവണ പരിസ്ഥിതി ദിനം ഒരു അവസരം മാത്രമായിരുന്നു. എന്താണ് പുതിയ സാഹചര്യം? മറ്റൊന്നുമല്ല, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷണില്‍ ഒരു ഗര്‍ഭിണിയായ ആന ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം. അതേ തുടര്‍ന്ന് ആര്‍എസ്എസ്സുകാര്‍ മലപ്പുറത്തിനെതിരെ നടത്തിയ വിദ്വേഷ പ്രകടനം; ഇതാണ് സാഹചര്യം. അതിനുള്ള മറുപടിയാണ് പരിസ്ഥിതി ദിനത്തിലെ മരം നടല്‍. മലപ്പുറം ഒരു ഭീകര ജില്ലയാണെന്നായിരുന്നു സംഘപരിവാര്‍ ആവര്‍ത്തിച്ചത്. ആന ചെരിഞ്ഞത് പാലക്കാട് ജില്ലയിലായാലും മലപ്പുറത്തിനെതിരെ പ്രചാരണം നടത്തുമെന്നത് സംഘപരിവാറിന്റെ നിലപാടാണ്. അതാണ് ഇന്നലെ സന്ദീപ് വാര്യര്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. പാലക്കാടാണ് സംഭവം നടന്നതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു, എന്നാലും ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ കൂടെ ചേര്‍ത്ത മലപ്പുറം ഹാഷ്ടാഗ് മാറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും സംഘപരിവാരം നടത്തിയ പണിക്ക് ഒരു പ്രയോജനമുണ്ടായി എന്ന് ഇന്നത്തെ മരംനടീല്‍ ചിത്രം തെളിയിക്കുന്നു. മലപ്പുറത്ത് മതസൗഹാര്‍ദം ഒരു ഫോട്ടോ ഓപ്പ് പരിപാടിയായി കാണിക്കുന്നതിലേക്ക് സംഘപരിവാരത്തിന്റെ ശ്രമം വിജയിച്ചുവെന്നതാണ് ലീഗ് നേതാവിന്റെ മരംനടല്‍ പരിപാടിയിലൂടെ തെളിയുന്നത്. എന്താവും മുനവറലി തങ്ങള്‍ ഈ ഒരു പ്രവര്‍ത്തിയിലൂടെ ഉദ്ദേശിച്ചത്? മലപ്പുറത്ത് മുസ്ലീങ്ങളും ഹിന്ദുക്കളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്നു എന്ന് തെളിയിക്കുകയായിരുന്നോ ലക്ഷ്യം. അതിന് ആ നാടിന്റെ ചരിത്രവും വര്‍ത്തമാനവുമാണ് തെളിവ്. അങ്ങനെ ഒരു തെളിവ് ആ നാടിന്റെ ചരിത്രത്തില്‍ ഉള്ളത് കൊണ്ടാണ് സംഘപരിവാരം അസ്വസ്ഥ മാകുന്നത്. ചരിത്രത്തിലെയും വര്‍ത്തമാനത്തിലേയും തെളിവുകള്‍ ഉപേക്ഷിച്ച് ഫോട്ടോ ഓപ്പുകള്‍ നടത്തിക്കുന്നതിലേക്ക് ഒരു മുസ്ലീം സംഘടനയെ എത്തിക്കുന്നതില്‍ സംഘപരിവാരം വിജയിച്ചിരിക്കുന്നു.കേരളത്തില്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കേണ്ട ബാധ്യത മുസ്ലീങ്ങള്‍ക്കാണെന്ന് എല്ലായ്പ്പോഴും കരുതുന്ന ഒരു സംഘടനയാണ് മുസ്ലീം ലീഗ്. അങ്ങനെ കരുതുന്നതുകൊണ്ടു മാത്രമേ ദേശീയ മുസ്ലീങ്ങള്‍ പദവിക്ക് അര്‍ഹരാകൂ എന്നൊരു പ്രതീതിയും ഇതുവഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്രമേല്‍ അതിനെ ഭൂരിപക്ഷ ദേശീയതാ ബോധം കീഴടക്കിയിട്ടുണ്ട്. സംഘപരിവാര്‍ എന്തുപറഞ്ഞാലും അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത കേരളത്തിലെ മുസ്ലീങ്ങളുടെ ചുമലില്‍ ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ചപ്പോള്‍ നിശബ്ദരായ ജനതയെന്നതാണ് മുസ്ലീം ലീഗ് കേരള മുസ്ലീങ്ങളുടെ മതേതരത ബോധത്തിന് തെളിവായി നിരന്തരം ഹാജരാക്കുന്നത്.അതുകൊണ്ടൊന്നും സംഘപരിവാരം അവരുടെ പരിപാടി നിര്‍ത്തിയിട്ടില്ല. കൂടുതല്‍ ആക്രമോത്സുകമായി അത് മുന്നോട്ടുപോകുന്നു. മലപ്പുറത്തെ കഴിഞ്ഞ ദിവസം സംഘപരിവാര്‍ കൂട്ടത്തോടെ ആക്രമിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്നും അതു തിരുത്തിക്കൊള്ളൂവെന്നതിന് തെളിവായിട്ടാണ് മുനവറലി തങ്ങള്‍ ഈ ചിത്രം ഭൂരിപക്ഷവാദികളുടെ മുന്നില്‍ ഹാജരാക്കുന്നത്. ഈ ചിത്രത്തെ ചിലപ്പോള്‍ മോദി തന്നെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഉദാത്ത മതേതരത്വത്തിന്റെ ചിഹ്നമായി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചു കളയാനും സാധ്യതയുണ്ട്; നേരത്തെ സൂചിപ്പിച്ച ശോഭായാത്ര ചിത്രം പോലെ. പൂണൂലും കിണ്ടിയുമായി നില്ക്കുന്ന എമ്ബ്രാന്തിരി, മുനവറലി തങ്ങള്‍ നടുന്ന തൈയ്ക്ക് വെളളം ഒഴിച്ചാലും വളരുക ഇസ്ലാമോഫോബിയ തന്നെയായിരിക്കുമെന്ന് ഇനിയും എന്തെന്ത് അനുഭവത്തിലൂടെയാവും ബോധ്യപ്പെടുക?