അലഹാബാദ്: ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ തബ്ലീഗ് ജമാഅത്ത് അംഗങ്ങളെയും മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടു. സുപ്രിംകോടതി അഭിഭാഷകന് ഷാദ് അന്‍വര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് സൗരഭ് ശ്യാം ഷംഷെറി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു കൂട്ടം വ്യക്തികളുടെ മൗലികാവകാശങ്ങള്‍ സര്‍ക്കാര്‍ ലംഘിക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇവരെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണിതെന്ന് ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സംസ്ഥാനത്തെ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ കേസുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.
കാലാവധി പൂര്‍ത്തിയായ ശേഷം ക്വാറന്റീന് കേന്ദ്രങ്ങളില്‍നിന്നു വീടുകളിലേക്ക് മടങ്ങാനുള്ള ക്രമീകരണം കമ്മിറ്റി ഉറപ്പുവരുത്തും. സര്‍ക്കാര്‍ നടത്തുന്ന ക്വാറന്റീന് കേന്ദ്രങ്ങളില്‍ താമസിക്കുന്നവരുടെ പരാതികള്‍ കമ്മിറ്റി കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യും.
അതേസമയം, 325 വിദേശ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരും 3001 ഇന്ത്യക്കാരും സര്‍ക്കാരിനു കീഴിലുള്ള ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മനീഷ് ഗോയല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഇവരില്‍ 21 ഇന്ത്യക്കാരെയും 279 വിദേശികളെയും വിവിധ കുറ്റങ്ങള്‍ ചുമത്തി ജയിലിലേക്ക് അയച്ചിട്ടുണ്ട്. ക്വാറന്റീന് കാലയളവിന് ശേഷം 2,979 ഇന്ത്യക്കാരെയും 46 വിദേശ പൗരന്മാരെയും ക്വാറന്റൈന് കേന്ദ്രങ്ങളില്‍നിന്ന് മോചിപ്പിച്ചതായും ആരും അത്തരം കേന്ദ്രങ്ങളില്‍ ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.